മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ എല്‍ക്ലാസികോയില്‍ റയല്‍ മാഡ്രിഡില്നിന്നേറ്റ തോല്‍വിക്കു പിന്നാലെ ബാഴ്സലോണയ്ക്കു വീണ്ടും തിരിച്ചടി. ഇത്തവണ റയല്‍ സോസിദാദിന്റെ വകയായിരുന്നെന്നു മാത്രം. സോസിദാദിന്റെ ഗ്രൗണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കറ്റാലന്‍ കരുത്തര്‍ വീണു. ഒന്നാമതുള്ള ബാഴ്സയ്ക്ക് ഈ തോല്‍വി വലിയ നഷ്ടമാണ് വരുത്തിയത്.
രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡ് പോയിന്റ് ദൂരം മൂന്നാക്കി കുറച്ചപ്പോള്‍ റയല്‍ മാഡ്രിഡിനു ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം നാലായി. 32 കളിയില്‍ കഴിഞ്ഞപ്പോള്‍ ബാഴസയ്ക്ക് 76 ഉം അത്രതന്നെ കളിയില്‍നിന്ന് അത്ലറ്റികോയ്ക്ക് 73, റയലിനു 72 പോയിന്റുകളുമായി.മൈക്കല്‍ ഒയാര്‍സബല്‍ അഞ്ചാം മിനിറ്റില്‍ നേടിയ ഹെഡറാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. ഇതിനു മുമ്പ് നടന്ന മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് എസ്പാനിയോളിനെ കീഴടക്കി.