ബിജെപി ഉള്‍പ്പടെയുള്ള സംഘപരിവാറിനെ വളര്‍ത്തുന്നത് സിപിഎം: സിപിഐ

CPIകായംകുളം: ബിജെപി ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകളെ വളര്‍ത്തുന്നത് സിപിഎം ആണന്ന്  സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം ടി. പുരുഷോത്തമന്‍. കായംകുളത്ത് സിപിഐ എരുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷിജിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ കായംകുളത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെ ജനങ്ങളില്‍ നിന്നകറ്റുന്നത് അവരുടെ അക്രമ രാഷ്ട്രീയം മൂലമാണ്. ഭരണം കിട്ടുമ്പോള്‍ ജനവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ബംഗാളിലെ സ്ഥിതി ഓര്‍ത്താല്‍ നല്ലതായിരിക്കും. സിപിഎം ആണെന്ന് പറഞ്ഞ് ഇപ്പോള്‍ ബംഗാളില്‍ ആര്‍ക്കും റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഷിജിയെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ സംരക്ഷിക്കുന്നത് കായംകുളം നഗരസഭാ ചെയര്‍മാനാണന്നും പുരുഷോത്തമന്‍ ആരോപിച്ചു. കേസിലെ ആറുപ്രതികളില്‍ രണ്ടുപേരെ പോലീസ് പിടികൂടിയപ്പോള്‍ ബാക്കി നാലുപേരെ നഗരസഭാ ചെയര്‍മാന്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.

സിപിഎമ്മില്‍ കടന്നുകൂടിയിരിക്കുന്ന ക്രിമിനലുകളുടെ പ്രവര്‍ത്തനം മൂലമാണ് പലരും ആ പാര്‍ട്ടി വിട്ട് ബിജെപിയിലും മറ്റും ചേക്കേറുന്നതെന്നും അക്രമ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്നാല്‍ കായംകുളം നഗരസഭാ ഭരണം തുടരുന്നത് സംബന്ധിച്ച് മാറി ചിന്തിക്കേണ്ടി വരുമെന്നും പുരുഷോത്തമന്‍ മുന്നറിയിപ്പ് നല്‍കി. എന്‍ സുകുമാരപിള്ള അധ്യക്ഷത വഹിച്ചു.എ.ഷാജഹാന്‍, എ.അജികുമാര്‍, എ.എ. റഹീം, തമ്പി മേട്ടുതറ, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.

Related posts