ബൈക്ക് യാത്രക്കാരനെ ടിപ്പറിടിപ്പിച്ചു കൊന്നെന്ന കേസില്‍ ഡ്രൈവറുടെ രേഖാചിത്രം പുറത്തുവിട്ടു

knr-rayhachithramതളിപ്പറമ്പ്: ടിപ്പറിടിപ്പിച്ചു ബൈക്ക് യാത്രികനെ  കൊലപ്പെടുത്തിയെന്ന കേസില്‍ ടിപ്പര്‍ ഡ്രൈവറെ കണ്ടെത്താന്‍  പോലീസ് രേഖാചിത്രം തയാറാക്കി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ജൂണ്‍ 16ന് ധര്‍മശാല ജംഗ്ഷനില്‍ ബൈക്ക് യാത്രികനായ മാങ്കെടവിലെ പി. ഷാനവാസാണു (24) ടിപ്പറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ടിപ്പറിടിപ്പിച്ചു ഷാനവാസിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നോമ്പുതുറ സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അമിതവേഗതയില്‍ വന്ന ടിപ്പര്‍ ഷാജഹന്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയത്.

നിരവധി പേര്‍ കണ്ടുനില്‍ക്കവെയാണ് സംഭവം നടന്നതെങ്കിലും  ടിപ്പറിന്റെ നമ്പര്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് വേഗത്തില്‍ വാഹനമോടിച്ച് ടിപ്പര്‍ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. ഷാനവാസിന്റെ ബന്ധുക്കള്‍ സിഐ കെ. ഇ. പ്രേമചന്ദ്രനു നല്‍കിയ പരാതിപ്രകാരമാണ് അന്വേഷണത്തിന്റെ ഭാഗമായി ടിപ്പര്‍ ഡ്രൈവറുടെ രേഖാചിത്രം പോലീസ് തയാറാക്കിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സിഐയുടെ 9497987212 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related posts