വെമ്പായം : സഹോദരങ്ങളെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിസംഘത്തില്‍ പെട്ട ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10.30 നു കുറ്റിയാണി പാട്ടത്തിലായിരുന്നു സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സോഹോദരങ്ങളായ കുറ്റിയാണി പാട്ടത്തില്‍ വീട്ടില്‍ ലാലുപ്രസാദ്, ജയപ്രസാദ് എന്നിവരെയാണു ബൈക്കി ലെത്തിയ രണ്ടംഗ സംഘം ബോബെറിഞ്ഞ ശേഷം വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബോംബ് സ്ഫോടനത്തിന്റെ ശബ്ദവും സഹോദരങ്ങളുടെ നിലവിളിയും കേട്ട് നാട്ടുകാരെത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹോദങ്ങളെ മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നര വര്‍ഷത്തിനു മുമ്പ് പ്രദേശത്തെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. പ്രദേശത്ത് നടക്കുന്ന കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് നല്‍കിയത് സഹോദരങ്ങളാണെന്ന സംശയത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് നേരെ അക്രമണം ഉണ്ടായതെന്നാണ് പോലീസ് നല്കുന്ന സൂചന. സംഭവസ്ഥലത്ത് രാത്രിയോടെ തന്നെ ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. പൊട്ടാതെ കിടന്ന ബോംബ് നിര്‍വീര്യമാക്കുകയും ചെയ്തു.
സംഭവ ശേഷം ബൈക്കില്‍ തമ്പാനൂരിലെത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘത്തില്‍ പെട്ട വട്ടക്കരിക്കകം ചരുവിള വീട്ടില്‍ രഞ്ജിത്തിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടിക്കൂടുകയായിരുന്നു. ആക്രമണത്തിന് രഞ്ജിത്തിനൊപ്പം ഉണ്ടായിരുന്ന കൂട്ടു പ്രതി വിഷ്ണുവിനായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം സി ഐയുടെ നേതൃത്വത്തില്‍ വട്ടപ്പാറ എസ്ഐ ജോസ്,അഡിഷണല്‍ എസ് ഐ മാരായ മണികണഠന്,അനില്‍കുമാര്‍, മാത്യു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.