മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തി പഴയ ഫേസ്ബുക്ക് പോസ്റ്റ്, അന്ന് ഉമ്മന്‍ചാണ്ടിക്കു ഭയമെന്നു പറഞ്ഞു, ഇപ്പോള്‍ സര്‍ക്കാര്‍ രഹസ്യമെന്ന് വാദിക്കുന്നു, പിണറായിയുടെ പഴയ പോസ്റ്റ് കുരുക്കാകുന്നത് ഇങ്ങനെ

ktmpinaraivijayan മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങള്‍ പിഴയ്ക്കുകയാണോ? സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള്‍ പലതും ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നതിനാണ് സമീപനാളുകള്‍ സാക്ഷ്യംവഹിക്കുന്നത്. അതിനൊപ്പം പിണറായി പറഞ്ഞ ചില അവതാരങ്ങളു പിണറായിക്കു പരീക്ഷണമാകുകയാണ്. മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന് പുറത്താണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞു കൊത്തുകയാണ് നാലു മാസം മുമ്പുള്ള ഫേസ്‌സ്ബുക്ക് പോസ്റ്റ്. വിജിലന്‍സ് വിവരാവകാശ നിയമ പരിധിയില്‍പ്പെടില്ലെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലപാടെടുത്തപ്പോഴായിരുന്നു അന്ന് ഫേസ്ബുക്കില്‍ പിണറായി വിവരാവകാശത്തിന്റെ “വക്താവായതും’ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തിയതും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ അറിഞ്ഞാല്‍ ആട്ടി പുറത്താക്കുമെന്ന ഭയം കൊണ്ടാണ് വിവരാവകാശ നിയമം അട്ടിമറിക്കുന്ന വിജ്ഞാപനം ഇറക്കിയതെന്നായിരുന്നു പിണറായിയുടെ അന്നത്തെ പോസ്റ്റ്.  ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോള്‍ വിവരാവകാശ നിയമത്തെ ചവുട്ടി മെതിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 18ന് പിണറായി കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ: “ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ അറിഞ്ഞാല്‍ ആട്ടി പുറത്താക്കും എന്ന ഭയം കൊണ്ടാണ് വിവരാവകാശ നിയമം അട്ടി മറിക്കുന്ന വിജ്ഞാപനം ഇറക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള ഉന്നതരുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം സുതാര്യത പറയുന്ന മുഖ്യമന്ത്രിയുടെ ഒന്നാം തരം കാപട്യത്തിന് തെളിവാണ്. ഇവരുടെ പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ, അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങള്‍ ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല, ഈ കേസുകളില്‍ സിബിഐക്കോ ലോകായുക്ത തുടങ്ങിയ ഏജന്‍സികള്‍ക്കോ വിജിലന്‍സ് നല്‍കുന്ന രേഖകളുടെ പകര്‍പ്പും ലഭിക്കില്ല എന്നാണ് ഇത് സംബന്ധിച്ച വാര്‍ത്ത.  ഉന്നതരുടെ അഴിമതിക്കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭിച്ചിരുന്ന സാഹചര്യം അടച്ചു കൊണ്ട്, തെരഞ്ഞെടുപ്പു കാലത്ത് സ്വന്തം കുറ്റകൃത്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാണ് ശ്രമിക്കുന്നത്.  ഭരണഘടനയുടെ 19,21 അനുച്ഛേദങ്ങളുടേയും സുപ്രീംകോടതി വിധിന്യായങ്ങളുടേയും നിയമരൂപമായ 2005 ലെ വിവരാവകാശ നിയമത്തെ ഇത്തരത്തില്‍ ദുര്‍ബലപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പെട്ടാല്‍ പൊട്ടിത്തെറിയുണ്ടാകുന്ന കൂറ്റന്‍ അഴിമതികളാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയത് എന്നത് കൊണ്ടാണ്. ഇരുട്ടില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സര്‍ക്കാരാണ് ഇത്’.

for-pinarayi

Related posts