കോന്നി: സംസ്ഥാനത്തുണ്ടായ ഭരണമാറ്റത്തിനു പിന്നാലെ കോന്നി ആനത്താവളത്തിലെ ആനകളുടെ ഭക്ഷണക്രമത്തിലും ഉല്ലാസത്തിനുമൊക്കെ നിയന്ത്രണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആനത്താവളം ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ആനകള്‍ക്കു നല്‍കിവന്ന സ്വാതന്ത്ര്യത്തിനു നിയന്ത്രണമുണ്ടായിട്ടുണ്ട്. പിന്നാലെയാണ് അവയുടെ ഭക്ഷണരീതികളിലും മാറ്റംവേണമെന്ന നിര്‍ദേശമുണ്ടായത്. പനപ്പട്ടയും ഓലയും വാഴപ്പിണ്ടിയും പുല്ലും മെനുവില്‍ നിന്നു മാറ്റി പകരം പോഷകമൂല്യങ്ങളേ റെയുള്ള ഏത്തക്കായ, കാരറ്റ് എന്നിവ കൂടുതലായി ഉള്‍പ്പെടുത്താനാണ് അധികൃതരുടെ നിര്‍ദേശം.
പതിവായി നീരാട്ടിനു കൊണ്ടുപോകേണ്ടെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ആനകള്‍ക്കു പരമ്പരാഗതമായുള്ള ഭക്ഷണരീതികളിലാണ് പുതിയ നിര്‍ദേശങ്ങളോടെ മാറ്റംവരുന്നത്. സാധാരണനിലയില്‍ മുതിര്‍ന്ന ആനകള്‍ക്ക് 25 മടല് ഓലവരെയാണ പ്രതിദിനം നല്‍കിയിരുന്നത്. ഇതിനു പുറമേ ഗോതമ്പ്, പഞ്ഞിപ്പുല്ല്, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുന്ന ഭക്ഷണവും പ്രതിദിനം ഉണ്ടായിരുന്നു. ഓലയും പനപ്പട്ടയും ലഭിക്കാനുള്ള ബുദ്ധിമുട്ടു കാരണം നിര്‍ത്തലാക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.
തീറ്റപ്പുല്ല് കൂടുതലായി ഉള്‍പ്പെടുത്തിയപ്പോള്‍ വനമേഖലകളില്‍ ഇവ കൂടുതലായി നട്ടുവളര്‍ത്തിയിരുന്നു. ഏത്തക്കായും കാരറ്റും ആനകളുടെ ഇഷ്ടഭക്ഷണമാണെങ്കിലും ഇവയുടെ അളവ് നിര്‍ണയിച്ചിട്ടില്ല. വിപണിയില്‍ വില കൂടുതലുള്ള ഇവ വാങ്ങി നല്കുമ്പോള് സാമ്പത്തിക ബാധ്യതയേറും. പ്രകൃതിദത്തമായ ഭക്ഷണരീതികളാണ് ആനകളുടെ ദൈനംദിന ജീവിതക്രമത്തിന് ആവശ്യമായിട്ടുള്ളത്. ഇതു മറികടന്നെത്തിയിരിക്കുന്ന മെനു ചില ഉദ്യോഗസ്ഥരുടെ താത്പര്യങ്ങളിലൂന്നിയുള്ളതാണെന്ന് ആക്ഷേപമുണ്ട്.
രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ എട്ട് ആനകളാണ് ആനത്താവളത്തിലുള്ളത്. നിത്യേന നിരവധി സഞ്ചാരികളാണ് ആനത്താവളത്തിലെത്തുന്നത്. ആനസവാരി ഉള്‍പ്പെടെയുള്ളവയ്ക്ക് അടുത്തകാലത്ത് നിയന്ത്രണം കൊണ്ടുവന്നിരുന്നു. എല്ലാദിവസവും ആനകള്‍ക്ക് അനുവദിച്ചിരുന്ന നീരാട്ടിന് വിലക്കുവീണത് ഇവയുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന അഭിപ്രായവുമുണ്ട്. അന്തരീക്ഷ താപനില ഉയര്‍ന്നു നില്ക്കുന്ന അവസരങ്ങളില്‍ ആനകളെ പതിവായി കുളിപ്പിക്കേണ്ടത് ആവശ്യമാണ്. പൈപ്പ ്ജലം ഉപയോഗിച്ച് ആനയെ കുളിപ്പിച്ചാല്‍ മതിയെന്നും അച്ചന്‍കോവിലാറ്റില്‍ എത്തിച്ച് കുളിപ്പിക്കേണ്ടതില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.