മംഗലം-ഗോവിന്ദാപുരം ദേശീയപാതയോരത്തെ പാഴ്‌ചെടികള്‍ അപകടഭീഷണി

pkd-kaduനെന്മാറ: മംഗലം-ഗോവിന്ദാപുരം ദേശീയപാതയില്‍ വല്ലങ്ങി-വിത്തനശേരി ഭാഗത്തെ ബാര്‍ ഹോട്ടലിനു സമീപം പാതയോരത്ത് പാഴ്‌ചെടികളും കുറ്റിച്ചെടികളും വ്യാപകമായതോടെ വാഹന, കാല്‍നടയാത്രയ്ക്ക് അപകടഭീഷണി.വല്ലങ്ങി ടൗണ്‍, ബൈപാസ് റോഡ് എന്നിവിടങ്ങളില്‍നിന്നു വിത്തനശേരിക്കു പോകുന്ന വാഹനങ്ങള്‍ ബാര്‍ ഹോട്ടലിനു സമീപത്തെ വളവില്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്.

ഇവിടെ വളര്‍ന്നുനില്ക്കുന്ന പാഴ്‌ചെടികള്‍മൂലം എതിരേ വരുന്ന വാഹനങ്ങള്‍ കാണാനാകാത്ത സാഹചര്യമാണുള്ളത്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് സൈഡിലേക്കുപോലും മാറിനില്ക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്ക്കുന്നു. ദിവസങ്ങള്‍ക്കുമുമ്പ് ബൈക്കില്‍ സഞ്ചരിച്ച നെന്മാറ കണിമംഗലത്ത് 19-കാരനായ സൂരജ് എന്ന യുവാവ് ലോറിതട്ടി മരണമടഞ്ഞിരുന്നു. നെന്മാറ-വല്ലങ്ങി വേലയ്ക്ക് തിരക്കു വര്‍ധിക്കുന്നതിന്റെ ഭാഗമായി എത്രയുംവേഗം പാതയോരത്തെ പാഴ്‌ചെടികളും കുറ്റിച്ചെടികളും നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

Related posts