മത്സരിക്കുന്നെങ്കില്‍ മലമ്പുഴയില്‍ നിന്നു മാത്രമെന്ന് വി.എസ്; നിലപാടുകള്‍ യെച്ചൂരിയെ അറിയിക്കും, സംസ്ഥാന സമിതി തീരുമാനങ്ങള്‍ക്ക് ശേഷം കൂടുതല്‍ പ്രതികരണം

vsഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: മലമ്പുഴയില്‍ നിന്നല്ലാതെ മറ്റൊരു മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ തയ്യാറല്ലെന്ന് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര-സംസ്ഥാന നേതൃത്വത്തെ അറിയിക്കും. മലമ്പുഴ മണ്ഡലത്തെക്കൂടാതെ അലപ്പുഴ മണ്ഡലം ഉള്‍പ്പടെ തെക്കന്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ക്കൂടി വി.എസിനെ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് വി.എസ് കര്‍ശന നിലപാട് എടുത്തിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമായിരുന്നില്ല. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളത്തെ സംസ്ഥാന സമിതിയില്‍ വി.എസ് പങ്കെടുക്കും. ഇതിനു മുമ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. ഈ കൂടിക്കാഴ്ചയില്‍ മത്സരിക്കുന്നുവെങ്കില്‍ മലമ്പുഴയില്‍ അല്ലാതെ മറ്റൊരിടത്തും തന്നെ പരിഗണിക്കേണ്ടെന്ന് വി.എസ് അസന്നിഗ്ധമായി പറയും. മലമ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ ഒഴിച്ചിട്ടാണ് ജില്ല നേതൃത്വം സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്.

ഇതു വി.എസിനായിട്ടാണെന്ന് സൂചനയും ലഭിച്ചിരുന്നു. ഇതിനിടെയാണ് ആലപ്പുഴയിലും പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തു വന്നത്. തെരഞ്ഞെടുപ്പിന് ശേഷം തന്നെ   തഴയരുതെന്നും മാന്യമായി പരിഗണിക്കണമെന്നുമുള്ള വാദം വി.എസ് യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിലും ആവര്‍ത്തിക്കും. തെരഞ്ഞെടുപ്പില്‍ വിജയം നേടുമ്പോള്‍ തന്നെ ഒതുക്കാമെന്ന കണക്കൂകൂട്ടല്‍ നടപ്പിലാവില്ലെന്ന ശക്തമായ സന്ദേശം തന്നെ വി.എസ് നല്‍കും. അതാണ് ഉദ്ദേശമെങ്കില്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് താന്‍ മാറി നില്‍ക്കാന്‍ തയ്യാറാണ്. സീറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ വ്യക്തമായ നിലപാട് വി.എസ് പറയും. സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവരുന്നതുവരെ നിലപാട് പരസ്യമാക്കില്ല.

നാളത്തെ സംസ്ഥാന കമ്മറ്റിയില്‍ വി.എസ് മാറി നില്‍ക്കണമെന്ന ആവശ്യം ഔദ്യോഗികപക്ഷത്തു നിന്നു ഉയര്‍ന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നടക്കം മാറി നില്‍ക്കുമെന്ന കൃത്യമായ മറുപടി തന്നെ വി.എസ് നല്‍കും. പ്രായാധിക്യത്തിന്റെ പേരു പറഞ്ഞ് തന്നെ മാറ്റി നിര്‍ത്തേണ്ടെന്നും മത്സരിക്കുന്നതിന് തനിക്ക് പ്രായം തടസമല്ലെന്നും വി.എസ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയം ചര്‍ച്ചയില്‍ ഉയര്‍ന്നാല്‍ ഇതു സംസ്ഥാന കമ്മറ്റിയേയും അറിയിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്ന് കരുതേണ്ട. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി ആരെന്ന ചോദ്യമാണ് സജീവ ചര്‍ച്ചയാകുന്നത്. അധികാരം ലഭിച്ചാല്‍ വി.എസിനെ മാറ്റി നിര്‍ത്തുക എളുപ്പമല്ലെന്ന് അറിയാവുന്ന ഔദ്യോഗിക പക്ഷത്തിന് ഇക്കാര്യത്തില്‍ ഇനിയും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

Related posts