മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം: സാംസ്കാരിക സമ്മേളനവും വിളംബരജാഥ ഉദ്ഘാടനവും ഒന്നിന്

KNR-MOTHERTHERESAകണ്ണൂര്‍: വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ ഭാഗമായി തലശേരി അതിരൂപതയുടെയും കണ്ണൂര്‍, കോട്ടയം രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സാംസ്കാരിക സമ്മേളനവും വിളംബരജാഥയും നടത്തും. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 5.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എംപി വിളംബരജാഥയുടെ പതാക കൈമാറ്റം നിര്‍വഹിക്കും. ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം അധ്യക്ഷത വഹിക്കും.

സിബിസിഐ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോസഫ് പാംബ്ലാനി മദര്‍ തെരേസ അനുസ്മരണം നടത്തും. തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പോണാട്ട്, പ്രഫ.റിച്ചാര്‍ഡ് ഹേ എംപി, കെ.സി.ജോസഫ് എംഎല്‍എ, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, മേയര്‍ ഇ.പി.ലത, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ.ഖാദര്‍ മാങ്ങാട്, മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ.ബിനു ചെറുകര. സിസ്റ്റര്‍ നോബിള്‍, അമ്മ വൈശാലി, റവ.പി.വി.ചാക്കോ, റവ.ഡോ.സ്കറിയ കല്ലൂര്‍, ഫാ.ജോസഫ് പൂവത്തോലില്‍ എന്നിവര്‍ പ്രസംഗിക്കും.

മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രയാണം ഒന്നിനു രാവിലെ 6.30ന് തലശേരി കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം തിരുശേഷിപ്പ് കൈമാറുന്നതോടെ ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടിനു നടക്കുന്ന പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തില്‍ തിരുശേഷിപ്പ് പ്രയാണത്തിന്റെ തീയതിയും സമയവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രണ്ടിനു നിശ്ചയിച്ചിരുന്ന പ്രയാണം ഒന്നിലേക്ക് മാറ്റി.

പൊതുപണിമുടക്ക് ദിവസമായ രണ്ടിന് തിരുശേഷിപ്പ് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പൊതുവണക്കത്തിനു വയ്ക്കും. പുതുക്കിയ സമയക്രമീകരണവും സ്വീകരണ സ്ഥലങ്ങളും:സെപ്റ്റംബര്‍ ഒന്നിനു രാവിലെ 7.30ന് തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയം, 8.30ന് കൂത്തുപറമ്പ്, 10ന് പേരാവൂര്‍, ഉച്ചയ്ക്ക് 12ന് ഇരിട്ടി, 1.30ന് എടൂര്‍, ഉച്ചകഴിഞ്ഞ് മൂന്നിന് കുന്നോത്ത്-വള്ളിത്തോട്, വൈകുന്നേരം നാലിന് ഉളിക്കല്‍, അഞ്ചിന് ശ്രീകണ്ഠപുരം.

മൂന്നിനു രാവിലെ 7.30ന് പയ്യന്നൂര്‍, 10ന് കാഞ്ഞങ്ങാട്, ഉച്ചയ്ക്ക് 12ന് രാജപുരം, 1.30ന് പനത്തടി, ഉച്ചകഴിഞ്ഞ് മൂന്നിനു മാലോം, വൈകുന്നേരം 5.30ന് വെള്ളരിക്കുണ്ട്. നാലിനു രാവിലെ ഒമ്പതിന് തോമാപുരം, 10.30ന് ചെറുപുഴ, ഉച്ചയ്ക്ക് 12ന് മേരിഗിരി, ഉച്ചകഴിഞ്ഞു രണ്ടിന് ആലക്കോട്, മൂന്നിന് കരുവഞ്ചാല്‍, വൈകുന്നേരം നാലിന് ചെമ്പന്തൊട്ടി, 5.30ന് ചെമ്പേരി, 6.30ന് പയ്യാവൂര്‍. അഞ്ചിനു രാവിലെ എട്ടിന് പൈസക്കരി, 9.30ന് പാടാംകവല.

Related posts