കൊല്ലം : മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന നടത്തുമ്പോള്‍ സംസ്ഥാന പോലീസ് മേധാവി നല്‍കിയിട്ടുള്ള സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മീഷന്. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജനറല്‍ മാനേജരായി ജോലിനോക്കുന്ന മുന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സര്‍പ്പിച്ച പരാതിയിലാണ് നടപടി. കഴിഞ്ഞ മാര്‍ച്ച് ഒന്നിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
ഈസ്റ്റ് പോലീസ് എസ്ഐ യാണ് മദ്യപരിശോധനയുടെ ഭാഗമായി പരാതിക്കാരനെ തടഞ്ഞുവച്ചത്. മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചറിയല്‍ രേഖ കാണിച്ചിട്ടും അപമാനിച്ചു. കാറിന്റെ താക്കോലും മൊബൈല്‍ ഫോണും പിടിച്ചെടുക്കാന്‍ ശ്രമിച്ചു. കമ്മീഷന് കൊല്ലം അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പരാതിക്കാരന് മദ്യപിച്ചിരുന്നില്ലെന്ന് വിശദീകരണത്തില്‍ പറയുന്നു. പൊതുജനങ്ങളോട് ഇടപെടുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ് ഐ ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
പരാതിക്കാരനെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് മാന്യമായി പരിശോധിക്കാമായിരുന്നുവെന്ന് കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ നിരീക്ഷിച്ചു. മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായപ്പോള്‍ ബന്ധപ്പെട്ടവര്‍ ക്ഷമ ചോദിക്കേണ്ടതായിരുന്നു. സംഭവത്തില്‍ പരാതിക്കാരന്റെ അഭിപ്രായം കേട്ട ശേഷം ജില്ലാ പോലീസ് സൂപ്രണ്ട് ഉചിതമായ തീരുമാനമെടുക്കണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.