മദ്യവില്‍പ്പനശാലയ്ക്കു മുന്നിലെ ക്യൂ നിയന്ത്രിക്കാന്‍ പോലീസ്

KLM-BEVനിലമ്പൂര്‍: ബലി പെരുന്നാളും ഓണവും ഒന്നിച്ചെത്തിയതോടെ ഒഴിവു ദിവസങ്ങള്‍ ആഘോഷമാക്കാന്‍ മദ്യപന്‍മാര്‍ ബീവറേജസ് ഔട്ട്‌ലറ്റിലേക്ക് ഒഴുകിയെത്തിയതോടെ ക്യൂ നിയന്ത്രിക്കാന്‍ നിലമ്പൂര്‍ സിഐ കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് പെടപ്പാടുപെട്ടു. വിദേശ മദ്യം വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരെ നിയന്ത്രിക്കുകയും ക്യൂ സിസ്റ്റം പോലീസ് കര്‍ശനമാക്കുകയും ചെയ്തതാണ് മദ്യം വാങ്ങാനെത്തിയവര്‍ ക്യൂവില്‍ മുന്നിലെത്താന്‍ മത്സരമുണ്ടാകാന്‍ കാരണം.

ബാറുകള്‍ പൂട്ടിയതോടെ മദ്യപന്‍മാര്‍ക്ക് എടക്കര, നിലമ്പൂര്‍ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. വണ്ടൂരിലുണ്ടായിരുന്ന ഔട്ട്‌ലറ്റ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയിരുന്നു.  പത്തു മണിക്കാണ് മദ്യവില്‍പ്പന ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ മദ്യം വാങ്ങി പോകാനുള്ള വ്യഗ്രതയില്‍ ഏഴു മണി മുതല്‍ തന്നെ നിലമ്പൂര്‍ ഔട്ട്‌ലറ്റിനു മുന്നില്‍ ആളുകളെത്തിയിരുന്നു.

പലപ്പോഴും ക്യൂ റോഡിലേക്കു നീണ്ടതോടെയാണ് പോലീസ് ഇടപെട്ടത്. പലരും പോലീസിന്റെ നിര്‍ദേശം പാലിക്കാതെ വന്നതോടെ ലാത്തികാട്ടി വിരട്ടിയാണ് ഇവരെ ഒതുക്കിയത്. രാവിലെ തുടങ്ങിയ ക്യൂ രാത്രി ഒമ്പതു മണിവരെ നീണ്ടു. 20ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇന്നലെ നടന്നത്. എടക്കരയിലും വില്‍പ്പന പൊടിപൊടിച്ചു.

Related posts