മനുഷ്യന്റെ സ്വസ്ഥത ഇല്ലാതാക്കി ലോകമെമ്പാടും തീവ്രവാദവും ഭീകരാക്രമണങ്ങളും വര്‍ധിച്ചു വരുന്നു: മാതാ അമൃതാനന്ദമയി

KLM-AMMAഅനീസ് കൊട്ടുകാട്

കരുനാഗപ്പള്ളി: ലോകത്ത് മനുഷ്യന്റെ സ്വസ്ഥത ഇല്ലാതാക്കി തീവ്രവാദം വളര്‍ന്നു വരുന്നതായി മാതാഅമൃതാനന്ദമയി. ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സന്ദേശത്തിലാണ് അമൃതാനന്ദമയി ആശങ്കയോടെ ഇക്കാര്യം പറഞ്ഞത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ തന്നെ പ്രധാന പ്രശ്‌നമായി ഇത് മാറി കഴിഞ്ഞു. 2016 ജനുവരി മുതല്‍ അന്ന് വരെ ലോകത്ത് 1100 ഓളം ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്ത് കാര്യമായ മാറ്റം ഉണ്ടായില്ലെങ്കിലും കുഴപ്പങ്ങള്‍ തുടരുകയാണ്. ലോകത്തിന്റെ പ്രധാനവിഷയം തന്നെ ഭയവും ആവലാതിയുമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം മുന്നിലാണെങ്കിലും അതോടൊപ്പം വിശ്വാസത്തിന്റെ പേരിലുള്ള മതവിഭാഗീയത, ബലാത്സംഗം, കുറ്റകൃത്യം, സ്ത്രീപീഡനം, എന്നിവയുടെ കാര്യത്തിലും നമ്മുടെ കേരളം മുന്നിലാണെന്ന് പറയും.

അറിവും സമ്പത്തും വിദ്യാഭ്യാസവും ഉള്ള യുവാക്കള്‍ കുറ്റവാളി സംഘത്തില്‍ ചെന്ന് പെടുന്നു. മദ്യത്തിനും മയക്ക് മരുന്നിനും അവര്‍ അടിമകളാകുന്നു. അതിന്റെ ഫലമായി റോഡപകടങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. മനുഷ്യന്‍ സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറിക്കൊണ്ടിരിക്കുകയാണന്നും അമൃതാനന്ദമയി പറഞ്ഞു.മനുഷ്യന്റെ മനസിനുള്ളില്‍ കൊണ്ട് നടക്കുന്ന വന്‍ദുരന്തങ്ങളെ കണ്ടുപിടിക്കാനുള്ള യന്ത്രങ്ങളൊന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അറിവുണ്ട് ബോധമില്ല വിവരം ഉണ്ട് വിവേകമില്ല മനുഷ്യനെന്നും അമൃതാനന്ദമയി പറഞ്ഞു. തെരുവ് നായ്ക്കള്‍ മുഷ്യനെ ആക്രമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്.

വിവേകബോധമില്ലാത്തത് കൊണ്ടാണ് ഇവ ആക്രമിക്കുന്നത്. എന്നാല്‍ വിവേകബോധമുള്ള മനുഷ്യന്‍ പരസ്പരം കടിച്ചു കീറാന്‍ മത്സരിക്കുന്നത് കാണാമെന്നും അമൃതാനന്ദമയി പറഞ്ഞു. ദൈവികശക്തി മനസിലാക്കിയാല്‍ ലോകത്തെ സ്‌നേഹിക്കാന്‍ കഴിയും.ബുദ്ധിയും ഓര്‍മശക്തിയും വികസിപ്പിച്ച് മനുഷ്യനെ ഏറ്റവും ഉത്പാദന ശേഷിയുള്ള യന്ത്രങ്ങളാക്കുന്ന വിദ്യാഭ്യാസമാണ് നിലവിലുള്ളത്.

വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്ചപ്പാടിലും സംസ്കാരത്തിന്റെ തെളിമ നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസമെന്നും അമൃതാനന്ദമയി പറഞ്ഞു. ആരുടെ അഹന്തയ്ക്കും തോല്‍പ്പിക്കാനാവാത്തത് സ്‌നേഹം മാത്രമേ ഉള്ളെന്നും ദുഖങ്ങള്‍ക്കുള്ള ഒറ്റമൂലിയും ഏകാന്തതയുടെ ഊന്നുവടിയും സ്‌നേഹം മാത്രമാണെന്നും അമൃതാനന്ദമയി പറഞ്ഞു.

മാതാ അമൃതാനന്ദമയിയുടേത് പാവപ്പെട്ടവര്‍ക്ക് സമര്‍പ്പിതമായ ജീവിതവും ഈശ്വരാര്‍പ്പണവുമാണ് താന്‍ വ്യക്തിജീവിതത്തില്‍ പകര്‍ത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ അമൃതപുരിയില്‍ തിങ്ങി നിറഞ്ഞ ഭക്തലക്ഷങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഠം പൂര്‍ത്തീകരിച്ചു നല്‍കുന്ന രണ്ടായിരം ശുചി മുറികളുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഭാരതരത്‌ന പോലുള്ള അംഗീകാരങ്ങള്‍ അര്‍ഹിക്കുന്ന തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അമൃതാനന്ദമയി നടത്തുന്നതെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. റോഡുകളും പാലങ്ങളും ഇല്ലാത്ത വിദൂരഗ്രാമങ്ങള്‍ക്ക് കൂടി അമൃതാനന്ദമയിയുടെ സേവനം വരും* വര്‍ഷങ്ങളില്‍ ലഭിക്കുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരം പ്രഫ.അമ്പലപ്പുഴ ഗോപകുമാറിന് ഗവര്‍ണര്‍ സമ്മാനിച്ചു.

സനാതന ധര്‍മത്തിന്റെ പ്രതീകമാണ് അമൃതാനന്ദമയിയെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ധര്‍മത്തിന്റെ നാല് പ്രതീകങ്ങളും സമന്വയിച്ച വ്യക്തിയാണ് അമൃതാനന്ദമയി. ഇത് അപൂര്‍വമാണ്. ശ്രീരാമന്‍ ഇത്തരത്തില്‍ ധര്‍മത്തിന്റെ പ്രതീകമായിരുന്നു. അമൃതാനന്ദമയിയുടെ ജീവിതത്തിലെ സ്‌നേഹവും ശുദ്ധിയും കര്‍മനിരതയുമാണ് ഭാരതത്തിന് ലോകത്തിന് കൊടുക്കാനുള്ള സന്ദേശമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന അദ്ദേഹം പറഞ്ഞു. മഠം രാജ്യമെമ്പാടും നടത്തുന്ന ശുചീകരണയജ്ഞത്തിന്റെ വീഡിയോ ചിത്രവും വിവിധ ഗ്രാമങ്ങളിലുള്ള 50 പേര്‍ക്ക് സാക്ഷ്യപത്രവും അദ്ദേഹം കൈമാറി.

അമൃതാനന്ദമയിയ്ക്ക് ഭാരതരത്‌ന പുരസ്ക്കാരം നല്‍കി ആദരിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ പറഞ്ഞു. ഇതിനായി മോഹന്‍ ഭഗവത് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ഭാടമല്ല ആഘോഷമെന്ന് ജീവിതത്തിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും അമൃതാനന്ദമയി തെളിയിച്ചിരിക്കുകയാണ്. ഈ സന്ദേശം മലയാളികള്‍ ഉള്‍ക്കൊള്ളണമെന്നും കുര്യന്‍ പറഞ്ഞു.രാഷ്ര്ടീയ നേട്ടത്തിനും അധികാരത്തിനും വേണ്ടിയല്ല അമൃതാനന്ദമയിയും മഠവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അമൃതാനന്ദമയിയ്ക്ക് ഭാരതരത്‌ന പുരസ്കാരം നല്‍കാന്‍ ഇനിയും വൈകരുതെന്നും അമര്‍സിംഗ് എം.പി പറഞ്ഞു

രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാടാണ് മഹാഗണപതി ഹോമം നടത്തിയത്്. തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചനയും അമ്മയുടെ ജീവിതത്തെയും ദര്‍ശനത്തെയും പറ്റി അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സത്സംഗവും നടന്നു. അമൃതാനന്ദമയിയുടെ പ്രഥമ സന്ന്യാസ ശിഷ്യന്‍ മഠം വൈസ് ചെയര്‍മാന്‍*മാരായ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തില്‍ ഗുരുപാദ പൂജ നടന്നു

400 പേര്‍ക്ക് സൗജന്യശസ്ത്രക്രിയക്കുള്ള അനുമതിപത്രവും വേദിയില്‍ കൈമാറി. അമൃത സെര്‍വ് നടത്തുന്ന അമൃത സ്വാശ്രയ ഗ്രാമങ്ങളിലെ ക്ദകുടിവെള്ള പദ്ധതികളുടെ അനുമതി പത്രം കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി ശ്രീപദ് യശോ നായിക്, ആന്ധ്രാപ്രദേശ് മന്ത്രി ഗണ്ഡ ശ്രീനിവാസ റാവു എന്നിവര്‍ കൈമാറി.ആന്ധ്രാ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള തെരെഞ്ഞെടുത്ത ഓരോ ഗ്രാമങ്ങള്‍ക്കാണ് അനുമതിപത്രം കൈമാറിയത്. 100 പുതിയ വീടുകളുടെതാക്കോല്‍ദാനം വെള്ളാപ്പള്ളി നടേശന്‍, ഒ. രാജഗോപാല്‍ എന്നിവര്‍ നിര്‍വഹിച്ചു. മംഗല്യനിധി വിവാഹസഹായ ധനം പി.സിജോര്‍ജജ് നവദമ്പതികള്‍ക്ക് നല്‍കി. മഠം പ്രസിദ്ധീകരിക്കുന്ന 5 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും വേദിയില്‍ നടന്നു.

അമൃതവിശ്വവിദ്യാപീഠം കാമ്പസിലാണ് ചടങ്ങ് നടന്നത്. വന്‍ സുരക്ഷാ വലയത്തിലാണ് പരിപാടികള്‍ നടന്നത്. മെറ്റല്‍ ഡിക്ടര്‍ വഴിയാണ് വേദിയിലേക്ക് ഭക്തരെ കയറ്റി വിട്ടത്. ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരകണക്കിന് ഭക്തരാണ് പിറന്നാള്‍ ആഘോഷത്തിനായി അമൃതപുരിയിലെത്തിയത്.

Related posts