കൊടുവായൂര്‍: മന്ദത്തുകാവ്-പ്ലാത്തൊടി റോഡില്‍ കോഴിമാലിന്യം നി—ക്ഷേപിക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുഷ്കരമാകുന്നു. കൊടുവായൂര്‍ ടൗണിലുള്ള കോഴിവ്യാപാരികളാണ് രാത്രി സമയത്ത് ചാക്കില്‍കെട്ടി മാലിന്യം നിക്ഷേപിക്കുന്നതെന്നു പരാതിയുണ്ട്. മഴ പെയ്തതോടെ പ്രദേശമാകെ ദുര്‍ഗന്ധം പരന്ന് സമീപത്തെ വീടുകളിലിരുന്നു ഭക്ഷണം കഴിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണുള്ളത്. സ്ഥലത്ത് കൊതുകും ഈച്ചശല്യവും രൂക്ഷമാണ്.
മാംസാവശിഷ്ടങ്ങള്‍ തെരുവുനായ്ക്കള്‍ റോഡിലേക്കു വലിച്ചിടുന്നതിനാല്‍ സ്ഥലത്തെത്തുമ്പോള്‍ വാഹനയാത്രക്കാര്‍ മൂക്കുപൊത്തിയാണ് പോകുന്നത്. മുമ്പ് രാത്രികാലത്ത് മാലിന്യം നിക്ഷേപിക്കാനെത്തുന്നവരെ പിടികൂടാന്‍ ജനങ്ങള്‍ കാവല്‍ നില്ക്കാറുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുശേഷം വീണ്ടും മാംസ മാലിന്യനിക്ഷേപം വര്‍ധിച്ചതില്‍ പ്രതിഷേധം ശക്തമാണ്. കാലവര്‍ഷം ആരംഭിക്കുന്നതിനുമുമ്പായി ആരോഗ്യവകുപ്പ് അധികൃതര്‍ ചിതറിക്കിടക്കുന്ന മാലിന്യം കത്തിച്ചു സംസ്കരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.