ചെറായി: വയോധികയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സഹോദരന് നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മൃതദേഹം ഇന്ന് എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പോലീസ് സര്ജ്ജന് പോസ്റ്റ്മോര്‍ട്ടം നടത്തും. മുനമ്പം തേറോത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ശോഭ(64) ആണ് മരിച്ചത്. സഹോദരന് സൗത്ത് കുമ്പളങ്ങി പഴങ്ങാട്ട് പുല്ലനാട്ട് വീട്ടില്‍ മേരിദാസാണ് പരാതി നല്‍കിയത്. പരിസരവാസികളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. പള്ളിപ്പുറം ജനത ഭാഗത്ത് മകന്റെ ഒപ്പമായിരുന്നു വയോധിക താമസിച്ചിരുന്നത്.
സംസ്കാര ശുശ്രൂഷകള്‍ക്കായി ചൊവ്വാഴ്ച രാവിലെ മൃതദേഹം ഇടക്കൊച്ചിയിലുള്ള സിമിത്തേരിയിലേക്ക് കൊണ്ടുപോയെങ്കിലും പരാതിയെ തുടര്‍ന്ന് പോലീസ് നല്കിയ നിര്‍ദ്ദേശമനുസരിച്ച് മൃതദേഹം തിരികെ എത്തിക്കുകയായിരുന്നു. മരിച്ച വയോധിക വന്‍ സ്വത്തിന്റെ ഉടമയായിരുന്നതാണ് മരണത്തില്‍ സംശയം ഉണര്ത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ഇവരുടെ പേരില്‍ ഒരു സ്വത്തും ഇല്ലെന്ന് മുനമ്പം എസ്ഐ ജി അരുണ്‍ അറിയിച്ചു. സ്വത്തുക്കളെല്ലാം ഇവരും മകനും വിശ്വസിക്കുന്ന സഭയിലേക്ക് നല്‍കിയെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ അറിഞ്ഞത്. കഴിഞ്ഞ ആഴ്ചയില്‍ സഹോദരിയെ കാണാന്‍ മേരിദാസ് എത്തിയപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ മരണകാരണം കാന്‍സറാണെന്നാണ് വയോധികയുടെ മകന് പറയുന്നതാണ് സഹോദരനു സംശയത്തിന് ഇടവരുത്തിയതെന്നും പോലീസ് പറഞ്ഞു.