മലയാറ്റൂര്‍ കുരിശുമുടിയില്‍ ഭക്തജനത്തിരക്കേറി; പീഢാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി നാളെ ദുഃഖവെളളി

ekm-malayattoorഅകാലടി : വിശുദ്ധ വാരത്തിനു തുടക്കമായതോടെ മലയാറ്റൂര്‍ കുരിശുമുടിയില്‍ ഭക്തജനത്തിരക്കേറി. ഓശാന ഞായാറാഴ്ച മുതല്‍ പതിനായിരങ്ങളാണ് മലകയറുന്നത്  പൊന്നിന്‍ കുരിശു മലമുത്തപ്പോ പൊന്‍മല കയറ്റം എന്ന പ്രാര്‍ഥനമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട് ഭാരമേറിയ മരകുരിശുകളുമേന്തി കാവി വസ്ത്രവും ധരിച്ച് കാല്‍നടയായി മലകയറുന്ന വിശ്വാസികളുടെ എണ്ണവും അനുദിനം കൂടി വരികയാണ്. നാളെ പീഢാനുഭവ വെളളിയാഴ്ചയില്‍ തീര്‍ഥാടകരുടെ പ്രവാഹം അതിന്റെ പാരമ്യത്തിലെത്തും. ക്രിസ്തുവിന്റെ കാല്‍കഴുകല്‍ ശുശ്രുഷയുടെയും അന്ത്യ അത്താഴത്തിന്റെയും അനുസ്മരണ ദിനമായ ഇന്ന് അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും(താഴത്തെ പളളി)പെസഹാ അനുസ്മരണ തിരുക്കര്‍മ്മങ്ങള്‍ നടന്നു.

സെന്റ് തോമസ് പളളിയില്‍ രാവിലെ നടന്ന കാലുകഴുകല്‍ ശുശ്രൂഷ, വി.കുര്‍ബാന,തുടര്‍ന്ന് ആരാധന എന്നിവക്ക് വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഹവികാരി ഫാ. മെല്‍വിന്‍ ചിറ്റിലപ്പിളളി, ഫാ. ബാസ്റ്റിന്‍ കിഴക്കേറ്റം, ഫാ. ചാള്‍സ് കോറോത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. വൈകുന്നേരം നാലിന് നേര്‍ച്ചക്കാരുടെ കാലുകഴുകല്‍ ശുശ്രൂഷ, ഏഴു മുതല്‍ എട്ടു വരെ പൊതു ആരാധന, അപ്പംമുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും. കുരിശുമുടിയില്‍ രാവിലെ നടന്ന കാലുകഴുകല്‍ ശുശ്രൂഷ, വി.കുര്‍ബാന, ആരാധന എന്നിവക്ക് കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് കാര്‍മ്മികത്വം വഹിച്ചു. ഇന്ന് രാത്രി ഏഴു മുതല്‍ എട്ടു വരെ പൊതു ആരാധനയും നടക്കും. നാളെ പീഢാനുഭവ വെളളിയാഴ്ച സെന്റ് തോമസ് പളളിയില്‍ രാവിലെ 5.30 ന് ആരാധന, 6.30 ന് പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍, വി.കുര്‍ബാന സ്വീകരണം, ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ വി.കുരിശിന്റെ വഴി, വിലാപയാത്ര (വാണിഭത്തടം പളളിയിലേക്ക്), തുടര്‍ന്ന് പീഢാനുഭവ സന്ദേശം ഫാ. ജിസോയ് പേണ്ടാനത്ത് നല്‍കും.

കുരിശുമുടിയില്‍ രാവിലെ 7.30 ന് പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍, വി.കുര്‍ബാന സ്വീകരണം, നഗരികാണിക്കല്‍. 26 ന് വലിയ ശനിയാഴ്ച സെന്റ് തോമസ് പളളിയില്‍ രാവിലെ ആറിന് വലിയ ശനി തിരുക്കര്‍മ്മങ്ങള്‍, തുടര്‍ന്ന് വിശുദ്ധകുര്‍ബാന, രാത്രി 11.45 ന് ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങള്‍, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന. കുരിശുമുടിയില്‍ രാവിലെ 7.30 ന് വലിയ ശനി തിരുക്കര്‍മ്മങ്ങള്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, രാത്രി 11.45 ന് ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങള്‍, പ്രദക്ഷിണം, ആഘോഷമായ വി.കുര്‍ബാന. 27 ന് സെന്റ് തോമസ് പളളിയില്‍ രാവിലെ 5.30, ഏഴ്, വൈകുന്നേരം 5.30 നും വി.കുര്‍ബാന. കുരിശുമുടിയില്‍ രാവിലെ 5.30, 7.30, വൈകുന്നേരം ആറിനും വി.കുര്‍ബാന എന്നിവയുണ്ടാകും.

വിവിധ ജില്ലകളില്‍ നിന്നും നോമ്പുനോറ്റ് വിശ്വാസ തീക്ഷണതയോടെയാണ് ഭക്തജനങ്ങള്‍ കുരിശുമുടിയിലെത്തുന്നത്. ചുട്ടുപൊളളുന്ന സൂര്യകിരണങ്ങളെ പോലും വകവയ്ക്കാതെ വിശ്വാസത്തില്‍ അടിയുറച്ച മനസുമായി മരകുരിശുകളുമേന്തി പതിനായിരങ്ങളാണ്  മല കയറുന്നത്.  കാല്‍നടയായി വരുന്ന ചെറുസംഘങ്ങളായുളള വിശ്വാസികളാണ് അതില്‍ ഏറിയ പങ്കും. മറ്റു വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി മലകയറുന്ന വിശ്വാസികളുടെ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. രാത്രി സമയങ്ങളിലാണ് കൂടുതല്‍ വിശ്വാസികള്‍ മലകയറുന്നത്.

തീര്‍ഥാടകര്‍ക്കു സെന്റ് തോമസ് പളളിയിലും(താഴത്തെപളളി) അടിവാരത്തും വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്കു വൈദ്യസഹായം നല്‍കുന്നതിനു അടിവാരത്തും കുരിശുമുടിയിലും മുഴുവന്‍ സമയവും മെഡിക്കല്‍ വിഭാഗത്തിന്റെ സേവനം ഉണ്ടാകും. അടിവാരത്തും ഒന്ന്, മൂന്ന്, ആറ്, ഒന്‍പത്, പതിനൊന്ന്,പതിനാല് എന്നീ പീഡാനൂഭവ സ്ഥലങ്ങളിലും കുരിശുമുടിയിലും കുടിവെളളത്തിനുളള പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറാം പീഡാനുഭവ സ്ഥലത്തും കുരിശുമുടിയിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഓക്‌സിജന്‍ നല്‍കുന്നതിനു മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാകും. കൂടാതെ അടിവാരത്തു അഞ്ചു പേരെ കിടത്തി ചികിത്സിക്കുന്നതിനുളള താത്കാലിക ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്കു കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ മലകയറുന്നതിനു വൈദ്യുത ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മണപ്പാട്ടുചിറയില്‍ ധാരാളം വെളളമുളളതിനാല്‍ തീര്‍ഥാടകര്‍ യാതൊരു കാരണവശാലും ചിറയില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സൂചന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണവും വെളളവും ലഭ്യമാക്കുന്നതിനു പളളിയുടെ നേതൃത്വത്തില്‍ ലഘുഭക്ഷണ ശാലകള്‍ ആരംഭിച്ചിട്ടുണ്ട്.  അടിവാരത്തും സമീപ പ്രദേശങ്ങളിലും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. തിരുനാളിനോടനുബന്ധിച്ചുളള സ്റ്റാളുകളില്‍ ആവശ്യ സാധനങ്ങള്‍ മിതമായ വിലയില്‍ വില്‍ക്കുന്നതിനുളള വിലവിവര പട്ടിക കുരിശുമുടി മുഴുവന്‍ സ്റ്റാളുകള്‍ക്കും നല്‍കിയിട്ടുണ്ട്.

വില നിലവാരം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. കുരിശുമുടിയില്‍ വിശ്വാസികള്‍ക്കു ദിവസവും നേര്‍ച്ചകഞ്ഞി വിതരണമുണ്ടാകും. വിശ്വാസികള്‍ക്കു സെന്റ് തോമസ് പളളിയില്‍ വിശ്രമിക്കുന്നതിനും മറ്റുമുളള സൗകര്യങ്ങള്‍ ഉണ്ടാകും. മുഴുവന്‍ സമയവും പോലീസ്, ഫയര്‍ഫോഴ്‌സിന്റെയും, വോളന്റീയര്‍മാരുടെയും സേവനം ലഭ്യമാണ്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും പ്രത്യേക സര്‍വീസുകള്‍ നടത്തും. കുരിശുമുടിയിലും അടിവാരത്തും താഴത്തെ പളളി പരിസരത്തും സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടിവാരത്തും മലയാറ്റൂര്‍ പളളി പ്രദേശങ്ങളിലും ഭിഷാടനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.  പ്രധാന ദിവസങ്ങളില്‍ വാഹനങ്ങള്‍ക്കു വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു സെന്റ് ജോസഫ്‌സ് സ്കൂള്‍, സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സെന്റ് മേരീസ് സ്കൂള്‍, വിമലഗിരി ന്യൂമാന്‍ അക്കാദമി, ഇല്ലിത്തോട് കിന്‍ഫ്രാ, അച്ചന്‍പറമ്പ്, വാണിഭത്തടം എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശുചിത്വ മിഷന്‍ ഗ്രീന്‍പ്രോട്ടോകോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.  മുന്‍കൂട്ടി അറിയിച്ചെത്തുന്നവര്‍ക്കു സെന്റ് തോമസ് പളളിയുടെ സമീപമുളള പില്‍ഗ്രിം സെന്ററില്‍ താമസ സൗകര്യം ലഭിക്കും. പുതുഞായര്‍ തിരുനാള്‍ വരെ കുരിശുമുടിയില്‍ ഇടവിട്ട സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടാകും.

Related posts