എടത്വ: കാല്‍നടയായി കൊന്തയും കുരിശുമേന്തി കാവി വസ്ത്രധാരികളായി മുത്തപ്പ സംഘം 16-ാം വര്‍ഷവും മലയാറ്റൂര്‍ മല ചവിട്ടി കയറാന്‍ എടത്വായില്‍ നിന്ന് യാത്ര തിരിച്ചു. മുത്തപ്പ സംഘത്തിന്റെ നേതൃത്വത്തില്‍ 160 ആളുകളാണ് 50 ദിവസത്തെ വൃതം എടുത്ത് ഇന്ന് രാവിലെ ഏഴിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നിന്ന് യാത്ര തിരിച്ചത്. രാവിലെ ആറിന് നടന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ആശിര്‍വദിച്ച് യാത്രയാക്കുകയായിരുന്നു.
ചങ്ങംകരി സെന്റ് ജോര്‍ജ്, ചമ്പക്കുളം കല്ലൂര്‍ക്കാട്, പള്ളാതുരുത്തി സെന്റ് തോമസ്, ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍, മുട്ടം സെന്റ് മേരീസ്, അരൂര്‍ സെന്റ് അഗസ്റ്റിന്‍, കളമശ്ശേരി സെന്റ് ജോസഫ്, കാലടി സെന്റ് ജോസഫ് എന്നീ പള്ളികളില്‍ ദര്‍ശനം നടത്തിയ ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ മലയാറ്റൂരില്‍ എത്തിചേരും. ഈ സംഘം ഒരു വര്‍ഷം അംശാദയത്തില്‍ നിന്ന് മിച്ചം വച്ച തുക കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. പ്രാരംഭത്തില്‍ ജയന്‍ ജോസഫ് പുന്നപ്രയുടെ നേതൃത്വത്തില്‍ 16 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇക്കുറി 160 ഓളം വൃതധാരികളാണ് സംഘത്തിലുള്ളത്. പ്രസിഡന്റായി കുഞ്ഞച്ചായി വര്‍ക്കി ആലപ്പാട്ടും സെക്രട്ടറിയായി കൊച്ചുമോന്‍ വേഴക്കാടും നേതൃത്വം നല്‍കുന്നു.