കാലടി: മലയാറ്റൂര്‍ മേഖലയില്‍ കഞ്ചാവ് വില്പന സജീവം. മലയാറ്റൂര്‍- കോടനാട് പാലത്തിനു സമീപമാണ് വില്പന കൂടുതലായി നടുക്കുന്നത്. പാലത്തിനു സമീപം പുഴയോട് ചേര്‍ന്നുളള ഭാഗങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി ചെറു പൊതികളിലായാണ് കഞ്ചാവ് വില്‍ക്കുന്നത്. പൊതിയൊന്നിന് 200 രൂപ മുതലാണ് വില ഈടാക്കുന്നത്. സമീപമുളള സ്കൂളുകളിലേയും എന്‍ജിനീയറിംഗ് കോളജുകളിലെയും വിദ്യാര്‍ഥികളാണ് പ്രധാന ഉപഭോക്താക്കള്‍. ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നിന്നും കോടനാട് പാലം വഴിയാണ് വില്പനക്കാര് മലയാറ്റൂരിലേക്ക് എത്തുന്നത്. പതിനഞ്ച് വയസിനും ഇരുപത്തിയഞ്ച് വയസിനും ഇടയിലുളള യുവാക്കളാണ് ഇതു പ്രധാനമായും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും.
മലയാറ്റൂര്‍ ഫോറസ്റ്റിനു സമീപമുളള പുഴയുടെ ഓരവും കടവും മണപ്പാട്ടുചിറയ്ക്കു സമീപവും വില്പനക്കാരുടെ താവളമാണ്. രാത്രി സമയങ്ങളിലുളള പട്രോളിംഗ് ഭയന്ന് പകല്‍ സമയങ്ങളിലാണ് പ്രത്യേകിച്ചും ഉച്ചനേരത്താണ് വില്പന നടക്കുന്നത്.
കഴിഞ്ഞ ദിവസം മലയാറ്റൂര്‍- കോടനാട് പാലത്തിനു സമീപം സംശയാസ്പദമായി കണ്ടവരെ പ്രദേശവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ അവരെ അസഭ്യം പറഞ്ഞ് വാഹനങ്ങളില്‍ കടന്നു കളഞ്ഞതായുളള സംഭവവും നടന്നിരുന്നു. മലയാറ്റൂരില്‍ ഈ അടുത്ത കാലത്താണ് കഞ്ചാവ് വില്പന സജീവമായതെന്ന് പ്രദേശവാസിയും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ ടിനു തറയില്‍ പറയുന്നു. കഞ്ചാവ് വില്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടാന്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയതായി കാലടി എസ്ഐ ടി. അനില്‍കുമാര്‍ അറിയിച്ചു.