മള്ളിയൂര്‍ ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവത്തിന് തുടക്കം

KTM-MALLIYOORTകോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവത്തിന് ഇന്നു തുടക്കം. ആറിന് ആറാട്ടോടെ സമാപനം കുറിക്കുന്ന ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിനായക ചതുര്‍ഥി ദിനമായ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ  മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, കുടമാറ്റം എന്നിവ നടക്കും.

ചലച്ചിത്രതാരം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, കലാമണ്ഡലം ഗോപി അവതരിപ്പിക്കുന്ന കഥകളി- നളചരിതം മൂന്നാം ദിവസം, പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പാണ്ടിമേളം, കല്ലൂര്‍ രാമന്‍കുട്ടി, പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണീകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക എന്നിവയാണു പ്രധാന പരിപാടികള്‍. വിനായക ചതുര്‍ഥി ഉത്സവത്തിന് ഇന്നു  തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി കൊടിയേറ്റും.

ഗണേശ മണ്ഡപത്തില്‍ ഇന്നു രാത്രി 7.30ന് കഥകളി- കൃഷ്ണലീല. നാളെ വൈകുന്നേരം അഞ്ചിന് ഗണേശമണ്ഡപത്തില്‍  ഭരതനാട്യം, മോഹിനിയാട്ടം, തുടര്‍ന്ന് മള്ളിയൂര്‍ ഗണേശ നൃത്തകലാകേന്ദ്രത്തിന്റെ നൃത്തനൃത്യങ്ങള്‍. സെപ്റ്റംബര്‍ ഒന്നിന് രാത്രി ഏഴിന് ടി.വി. ശങ്കരനാരായണന്‍ അവതരിപ്പിക്കുന്ന സംഗീതസദസ്. രണ്ടിന് വൈകുന്നേരം ആറിനു ഗാനമഞ്ജരി, ഏഴിന് കല്ലൂര്‍ രാമന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക. മൂന്നിന് വൈകുന്നേരം നാലിനു നൃത്തനൃത്യങ്ങള്‍,  വീണക്കച്ചേരി, 7.30ന് കഥകളി- നളചരിതം മൂന്നാം ദിവസം. നാലിന്  രാവിലെ ഏഴിന് സംഗീതസദസ്, ഒമ്പതു മുതല്‍ പഞ്ചവാദ്യം, 11.30ന് സാംസ്കാരിക സമ്മേളനം. വൈകുന്നേരം ആറിന് സംഗീതസദസ്, 7.30ന് ചലച്ചിത്രതാരം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം.

വിനായക ചതുര്‍ഥി ദിനമായ അഞ്ചിന് രാവിലെ 5.30ന് മഹാഗണപതി ഹോമം.  11 ന് ഗജപൂജ ആരംഭിക്കും, പ്രസിദ്ധരായ പന്ത്രണേ്ടാളം ഗജവീരന്മാര്‍ അണിചേരും. തുടര്‍ന്നു പെരുവനം കുട്ടന്‍ മാരാരും നൂറില്‍പ്പരം കലാകാരന്മാരുംകൂടി അവതരിപ്പിക്കുന്ന പഞ്ചാരി മേളം, 5.30ന് കാഴ്ചശ്രീബലിയില്‍ പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും  അവതരിപ്പിക്കുന്ന പാണ്ടിമേളവും ഉണ്ടായിരിക്കും.

ആറാട്ടു ദിവസമായ ആറിന് വൈകുന്നേരം 4.30ന് കൊടിയിറക്ക്, തുടര്‍ന്നു ക്ഷേത്രക്കുളത്തില്‍ ആറാട്ട്. 6.45ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന നാമഘോഷ ജപ ലഹരിയും ഉണ്ടായിരിക്കും.കൊടിയേറ്റ്, ആറാട്ട് ദിനങ്ങള്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ ഒന്‍പതിന്  ഉത്സവബലിയും 11.30 ന് ഉത്സവബലി ദര്‍ശനവും ഉണ്ടായിരിക്കും.

Related posts