മാംസവിപണിയില്‍ പുതുരുചി തീര്‍ത്ത് ടര്‍ക്കി

turkeyഡോ. സാബിന്‍ ജോര്‍ജ്

അസിസ്റ്റന്റ് പ്രഫസര്‍വെറ്ററിനറി കോളജ്മണ്ണുത്തി, തൃശൂര്‍

കോഴിവളര്‍ത്തല്‍, താറാവു വളര്‍ത്തല്‍ എന്നിവ കഴിഞ്ഞാല്‍ ഇറച്ചിക്കുവേണ്ടി ഏറെ പ്രാധാന്യം ടര്‍ക്കി വളര്‍ത്തലിനുണ്ട്. കുറഞ്ഞ മുതല്‍മുടക്ക്, കൂടിയ തീറ്റപരിവര്‍ത്തന ശേഷി, മാംസ്യത്തിന്റെ അളവു കൂടുതല്‍, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഏതു കാലാവസ്ഥയിലും വളര്‍ത്താം എന്നിവ ടര്‍ക്കി വളര്‍ത്തലിനെ ആകര്‍ഷക മാക്കുന്നു.

പ്രധാന ഇനങ്ങള്‍

ബ്രോഡ് ബ്രെസ്റ്റഡ്‌ബ്രോണ്‍സ്: ഇവയ്ക്ക് കറുത്ത നിറമാണ്. പിടക്കോഴികളുടെ നെഞ്ചിലുള്ള തൂവല്‍ത്തുമ്പുകള്‍ക്ക് വെളുത്ത നിറമാണ്. നിറവ്യത്യാസം നോക്കി 12 ആഴ്ച പ്രായത്തില്‍ പൂവനെയും പിടയെയും തിരിച്ചറിയാം.

ബ്രോഡ് ബ്രെസ്റ്റഡ് ലാര്‍ജ് വൈറ്റ്: വെളുത്ത നിറമുള്ള ഇവയ്ക്ക് മറ്റുള്ള ടര്‍ക്കികളെക്കാളും ചൂടുള്ള കാലാവസ്ഥ തരണം ചെയ്യാന്‍ കഴിവുണ്ട്.

ബെല്‍സ്‌വില്‍ സ്മാള്‍ വൈറ്റ്: താരതമ്യേന ചെറിയ ടര്‍ക്കികളാണിവ.

വളര്‍ത്തല്‍ രീതികള്‍

വീട്ടുവളപ്പില്‍ അഴിച്ചുവിട്ടും, വേലികെട്ടി തിരിച്ച സ്ഥലത്തും വളര്‍ ത്താം. കൂടുകളില്‍ ഡീപ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ സമീകൃതാഹാരം നല്‍കേണ്ടതുണ്ട്. അഴിച്ചുവിട്ടു വളര്‍ത്തുമ്പോള്‍ തീറ്റച്ചിലവ് 20 മുതല്‍ 25 ശതമാനം വരെ കുറയ്ക്കുവാന്‍ കഴിയും.

കൂട്ടിലിട്ടു വളര്‍ത്തുമ്പോള്‍ ഉയര്‍ന്ന തീററ പരിവര്‍ത്തനശേഷിയും വളര്‍ച്ചാ നിരക്കും ലഭിക്കും. ചുറ്റും വേലികെട്ടണം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ രാത്രി സമയത്ത് പാര്‍പ്പിക്കാനായി ചെലവു കുറഞ്ഞ കൂടുണ്ടാവണം. ഒരു ടര്‍ക്കിക്ക് 0.37 ചതുരശ്ര മീറ്റര്‍ സ്ഥല ലഭ്യത വേ ണം. തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങള്‍ കൂട്ടില്‍ മാത്രം വയ്ക്കണം. പകല്‍ സമയം അവയെ തുറന്നു വിടാം. നല്ല വൃത്തിയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ പ്രദേശത്തു മാത്രമേ ഈ രീതി നടപ്പിലാക്കാന്‍ സാധിക്കൂ. കൂടിനുള്ളിലായാലും തുറസായ സ്ഥലത്തായാലും ഇവയ്ക്ക് ഉയരത്തില്‍ പറന്നിരിക്കാനുള്ള സൗകര്യം നല്‍കണം. 2-3 ഇഞ്ച് വ്യസമുള്ള തടികള്‍ ഇതിനായി സ്ഥാപിക്കണം.

ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും ടര്‍ക്കികളെ വളര്‍ത്താം. ഡീപ്പ് ലിറ്റര്‍ രീതിയില്‍ ഇണചേരാന്‍ പാകത്തിനാണ് ടര്‍ക്കികളെ പാര്‍പ്പിക്കുന്നതെങ്കില്‍ ഒരെണ്ണത്തിന് 0.93 ചതുരശ്രമീററര്‍ എന്ന നിരക്കില്‍ സ്ഥലം നല്‍കണം. പിടകളെ മാത്രമാണ് പര്‍പ്പിക്കുന്നതെങ്കില്‍ 0.51 ചതുരശ്ര മീറ്റര്‍ മതിയാകും. കൂടിനുള്ളില്‍ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം.

തീറ്റയും തീറ്റക്രമവും

ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളതിനാല്‍ ടര്‍ക്കി തീറ്റയില്‍ മംസ്യവും, ജീവകങ്ങളും, ധാതുലവണങ്ങളും കൂടുതല്‍ അടങ്ങിയിരിക്കണം. കുഞ്ഞുങ്ങള്‍, വളരുന്ന ടര്‍ക്കികള്‍, മുതിര്‍ന്നവ എന്നിവയ്ക്ക് പ്രത്യേക തീറ്റ നല്‍കേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് – എട്ടാഴ്ച പ്രായംവരെ 29% മാം സ്യം, 1.1% കാത്സ്യം, 0.7% ഫോസ്ഫറസ് എന്നിവ അടങ്ങിയ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കണം. വളരുന്നവയ്ക്ക് എട്ടാഴ്ച പ്രായം മുതല്‍ 20% മാംസ്യം, 1% കാത്സ്യം, 0.7% ഫോസ്ഫറസ് എന്നിവ അടങ്ങിയ ഗ്രോവര്‍ തീറ്റ നല്‍കണം. അരിയും, ഗോതമ്പും എട്ടാഴ്ച കഴിഞ്ഞാല്‍ തിന്നു തുടങ്ങും. പ്രജനനത്തിനുള്ള ടര്‍ക്കികള്‍ക്കുള്ള തീറ്റ – പ്രജനനത്തിനുപയോഗിക്കുന്ന ടര്‍ക്കികള്‍ക്ക് മുട്ടയിടുന്നതിന് ഒരുമാസത്തിനു മുമ്പേ പോഷക സമൃദ്ധമായ തീറ്റ കൊടുത്തു തുടങ്ങണം. ഇവയുടെ തീറ്റയില്‍ 16-18% മാംസ്യം, 2.3% കാത്സ്യം, 1% ഫോസ്ഫറസ് എന്നിവ ഉണ്ടായിരിക്കും.

ടര്‍ക്കി മുട്ടയും ഇറച്ചിയും

ടര്‍ക്കി ഒരു വര്‍ഷം 70-120 മുട്ടകള്‍ ഇടും. മുട്ടയുടെ തൂക്കം 70-90 ഗ്രാമാണ്. മുട്ടയുടെ തോടില്‍ ഇളംതവിട്ടു മുതല്‍ കടുംതവിട്ടുവരെ നിറത്തിലുള്ള പുള്ളികള്‍ കാണുന്നു. മനുഷ്യശരീരത്തിന് അത്യന്താപേക്ഷിതമായ എട്ട് അമിനോ അമ്ലങ്ങള്‍ ടര്‍ക്കിമുട്ടയിലും ഇറച്ചിയിലുമുണ്ട്. കൊഴുപ്പമ്ലങ്ങള്‍ നല്ലൊരുഭാഗവും അപൂരിതങ്ങളാണ്. ടര്‍ക്കിയിറച്ചി പോഷക സമൃദ്ധവും സ്വാദേറിയതുമായ ഒരു സമീകൃതാഹാരമാണ്. ടര്‍ക്കിമുട്ടയിലെ മംസ്യവും കൊഴുപ്പും എളുപ്പം ദഹിക്കുന്നു. നമ്മുടെ നാട്ടില്‍ ടര്‍ക്കി ഇറച്ചി ആവശ്യത്തിനനുസരിച്ച് കിട്ടുന്നില്ല. മൃഗസംരക്ഷണ വകുപ്പിന്റെ കൊല്ലം കുരീപ്പുഴയിലുള്ള ഫാമാണ് കേരളത്തില്‍ ഈ മേഖലയില്‍ ടര്‍ക്കികളെ വളര്‍ത്തുന്ന കേന്ദ്രങ്ങളിലൊന്ന്.

Related posts