മാരകായുധങ്ങളുമായി കാറില്‍ കറങ്ങിയ സംഘം റിമാന്‍ഡില്‍

ekm-arrestകളമശേരി: പൊതുപണിമുടക്ക് ദിനത്തില്‍ മാരകായുധങ്ങളുമായി  കാറില്‍ കറങ്ങി ഭീതി പരത്തിയതിനെ തുടര്‍ന്ന്  പോലിസിന്‍െറ പിടിയിലായ  അഞ്ചംഗ ഗുണ്ടാസംഘത്തെ കോടതി റിമാന്‍ഡ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടാസംഘത്തെ ഏലൂര്‍ പോലീസ് മഞ്ഞുമ്മലില്‍ നിന്ന് ഇന്നലെയാണ് പിടികൂടിയത്. ഏലൂര്‍ മഞ്ഞുമ്മല്‍ തെക്കുമുട്ടം റോഡില്‍ പള്ളിക്കര വീട്ടില്‍ സൂരജ് (24), മാടപ്പാട്ട് റോഡിലെ താമസക്കാരായ ആഞ്ഞിലിക്കാട് വീട്ടില്‍ വിനു (27), പുതുശ്ശേരി വീട്ടില്‍ സിക്‌സന്‍ (30) ,  കൊന്നുളളില്‍ വീട്ടില്‍ ഡോറി (29), വേലശ്ശേരി വീട്ടില്‍ ആന്റണി (ആന്‍െറിക്കുഞ്ഞ്  26) എന്നിവരെയാണ്  ഫോര്‍ഡ് ഫിഗോ കാറില്‍ യാത്ര ചെയ്യവേ  പോലീസ് പിടികൂടിയത്. ഇവരില്‍  നിന്നും ഇരുമ്പ് പൈപ്പ്, വടിവാള്‍, കത്തി, ഇടിക്കട്ട എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കുപ്രസിദ്ധ ഗുണ്ടയായ മഞ്ഞുമ്മല്‍ രാധാകൃഷ്ണന്റേതാണെന്ന് പോലീസ് പറഞ്ഞു. ആയുധനിയമപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ മാസം മഞ്ഞുമ്മലില്‍ വീട് കയറി മര്‍ദ്ദിച്ച കേസിലും ഇവര്‍ പ്രതികളാണ്.   ആക്രമണ കേസില്‍ ജയില്‍വാസം കഴിഞ്ഞ് കഴിഞ്ഞയാഴ്ച്ചയാണ് പുറത്തിറങ്ങിയ മൂന്ന് പേരും ഈ കൂട്ടത്തിലുണ്ട്. മൂവരും സ്‌റ്റേഷനില്‍ വന്ന് ഒപ്പിടുന്ന വരുമാണ്. പ്രതികളെ കളമശ്ശേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.

Related posts