മാവേലിക്കര: പോലീസ് സ്റ്റേഷന്‍ കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍. സ്റ്റേഷനിലെത്തുന്ന പരാതിക്കാരും പ്രതികളും പോലീസുദ്യോഗസ്ഥരും പേടിച്ചാണ് പോലീസ്‌സ്റ്റേഷനിലുള്ളില്‍ കഴിയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവരാണ് ഇത്തരത്തില്‍ അപകട ഭീഷണിയില്‍ കഴിയുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ജന്മനാട്ടിലാണ് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പഴയ കെട്ടിടം തകര്‍ന്നു വീണതിനുശേഷം നിര്‍മിച്ചതാണ് ഈ കെട്ടിടം.
കെട്ടിടത്തിന്റെ ഉള്ളിലെ വാര്‍ത്ത മേല്‍ക്കൂരയില്‍ നിന്നും സിമന്റ് ഇളകി വീണുകൊണ്ടിരിക്കുകയാണിപ്പോള്‍. സമീപം നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും ഇതിലേക്ക് വീണുകിടക്കുകയും കെട്ടിടത്തില്‍ ആല്‍ പോലെയുള്ള മരങ്ങള്‍ കിളിച്ചു നില്‍ക്കുന്ന നിലയിലുമാണിപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നിരവധി തവണ നിവേദനങ്ങളും മറ്റും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ല. പലതവണ സ്റ്റേഷനിലുള്ളില്‍ മേല്‍ക്കൂരയില്‍ നിന്ന് സിമന്റ് പാളിയായി ഇളകി വീണിട്ടുണ്ട്.
എന്നാല്‍ ഭാഗ്യവശാല്‍ അപകടങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. കെട്ടിടത്തിന്റെ വാര്‍പ്പിലെ കോണ്‍ക്രീറ്റ് കമ്പികള്‍ തുരുമ്പിച്ചതാണ് ഇങ്ങനെ സിമന്റ് പാളികള്‍ ഇളകിവീഴാന്‍ കാരണമെന്നും കെട്ടിടം പൊളിച്ചു പണിയുകയോ താത്കാലികമായി അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്തില്ലായെങ്കില്‍ വന്‍ദുരന്തത്തിനു തന്നെ ഇത് വഴിവെച്ചേക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.