തിരുവനന്തപുരം: സര്‍വ്വശിക്ഷ അഭിയാന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങളും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുന്നതോടൊപ്പം പൊതു സമൂഹത്തിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മികവുത്സവം-2016 വന്‍ വിജയമായി. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളില്‍ നിന്നും മികവുകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട തിരുവനന്തപുരം എസ്എംവി സ്കൂളില്‍ നടന്ന പരിപാടിയില്‍ 1500 ല്‍ പരം പേരാണ് പങ്കെടുത്തത്. ഓരോ ജില്ലയില്‍ നിന്നും 50 പേരടങ്ങുന്ന സംഘം വിവിധ സെമിനാറുകളും കലാപരിപാടികളും അവതരിപ്പിച്ചു.
വിദ്യാലയങ്ങലുടെ വിജയകഥകളാണ് മികവുത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് .14 ജില്ലകളുടെ. വിദ്യാഭ്യാസ ഗവേഷണ മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ചകളും പഠനത്തെളിവുകളുടെ പ്രദര്‍ശനവും ഇതോടൊപ്പം ഒരുക്കിയിരുന്നു. മാന്ത്രികന് ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച രണ്ടു മണിക്കൂര്‍ നീണ്ട ഇന്ദ്രജാല പ്രകടനം കാണികളെ ആവേശഭരിതരാക്കി.
നാലു വേദികളിലായാണ് രണ്ടു ദിവസവും പരിപാടി സംഘടിപ്പിക്കപ്പെട്ടത് .സംസ്ഥാനത്തെ തെരെഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നിന്നു പങ്കെടുത്ത അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിച്ച 42 പ്രബന്ധങ്ങള്‍ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി . എട്ടു മേഖലകളായി തിരിച്ച് അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ പുതിയ ദിശാബോധം നല്കുന്നവയായിരുന്നു.
തിരുവനന്തപുരം എസ്എംവി സ്കൂളില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച സമാപന സമ്മേളനം പ്രശസ്ത സിനിമ,സീരിയല്‍ താരം ഷോബിതിലകന്‍ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുടെ മികവുത്സവമാണ് ഇവിടെ നടന്നതെന്നും ഇത് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മേന്മയാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കലാ സംസ്ക്കാരിക വിഷയങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. ഇ.പി മോഹന്‍ദാസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അബ്ദുള്ള വാവൂര് എസ്എസ്എ കേരള, എസ്എസ്എ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ വി.ഗിരീഷ്കുമാര്‍, എസ്എസ്എ കേരള മീഡിയ ഓഫീസര്‍ പി.എസ് ഗീതാകുമാരി,ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
മികവുത്സവത്തിലെ മികച്ച പ്രകടനത്തിനുള്ള ഒന്നാം സ്ഥാനം മലപ്പുറം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പാലക്കാട് ,മൂന്നാം സ്ഥാനം കണ്ണൂര്‍ എന്നീ ജില്ലകള്‍ കരസ്ഥമാക്കി. മികവുത്സവത്തില്‍ പങ്കെടുത്തുകൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച തിരുവനന്തപുരം ജില്ലയിലെ എംപിഎല്‍ പിഎസ് കിള്ളി സ്കൂളിന് പ്രോത്സാഹനസമ്മാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 1978 -ലെ എംബിബിഎസ് ബാച്ച് 50,000 രൂപയുടെ പ്രോത്സാഹനസമ്മാനം നല്കി ആദരിച്ചു.മികവുത്സവത്തില്‍ പങ്കെടുത്തുകൊണ്ട് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച 42 വിദ്യാലയങ്ങള്‍ക്കും പ്രശംസാപത്രങ്ങളും സമ്മാനങ്ങളും നല്കി ആദരിച്ചു.മികവുത്സവത്തിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത ഉദ്യോഗസ്ഥര്‍ക്കും, വിവിധ കമ്മിറ്റി അംഗങ്ങള്‍ക്കും ,വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തിരുവനന്തപുരം എസ്എസ്എ പ്രോജക്ട് ഓഫീസര്‍ എം.രാജേഷ് നന്ദി രേഖപ്പെടുത്തി.