മുണ്ടക്കയം: മദ്യലഹരിയില്‍ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയ വണ്ടന്‍പതാല്‍ തട്ടാശേരില്‍ അരവിന്ദാക്ഷന്റെ(52) മൃതദേഹം ഇന്നലെ രാത്രി വൈകി വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഏറെ സംഘര്‍ഷങ്ങള്‍ക്കു ശേഷമാണ് മൃതദേഹം സംസ്കരിക്കാനായത്. ഒന്നരമാസം മുമ്പ് കാണാതായ അരവിന്ദാക്ഷനെ സൃഹത്ത് വരകുകാലായില്‍ മാത്യു വര്‍ക്കി(55) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം റബര്‍ തോട്ടത്തിലെ പഴയ ചാണക കുഴിയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ ഏക ദൃക്‌സാക്ഷിയായ സൈമണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്യുവിനെ പോലീസ് പിടികൂടിയിരുന്നു.
ഇന്നലെ ചാണക കുഴിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹത്തിന്റെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു. ആശുപത്രിയില്‍ നിന്നും അരവിന്ദാക്ഷന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി സ്ഥലമുടമയെന്നു ആരോപിക്കുന്നയാളുടെ വീട് ഉപരോധിച്ചു. സംഭവസ്ഥലത്ത് അരമണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു. കാഞ്ഞിരപ്പള്ളി സിഐ, എരുമേലി, മുണ്ടക്കയം സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു.
ജില്ലാ പഞ്ചായത്തു മെമ്പര്‍ കെ. രാജേഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു എന്നിവര്‍ സ്ഥല ഉടമയുമായി ഫോണിലൂടെ ചര്‍ച്ച നടത്തി. സ്ഥലമുടമ വിദേശത്തായതിനാല്‍ 20നു തിരിച്ചെത്തുമെന്നും ഇതിനു ശേഷം ചര്‍ച്ച ചെയ്തു ന്യായമായ നഷ്ടപരിഹാരം നല്‍കാമെന്നും ഉടമ അറിയിച്ചതായുള്ള ജനപ്രതിനിധികളുടെ ഉറപ്പിന്‍മേല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകുകയായിരുന്നു. അരവിന്ദാക്ഷനെ കാണാതായതു മുതല്‍ സ്ഥലമുടമയെന്നു ആരോപിക്കുന്നയാള്‍ നിസംഗ മനോഭാവമായിരുന്നു പുലര്‍ത്തിയിരുന്നതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കൂടാതെ ജോലി ചെയ്ത വകയില്‍ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്നു മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. എന്നാല്‍ സ്ഥലത്തിന്റെ യഥാര്‍ഥ ഉടമ മറ്റൊരാളാണ്. സ്ഥല ഉടമയെന്നു ആരോപിക്കപ്പെടുന്നയാളുടെ മകളുടെ ഭര്‍ത്താവിന്റെ സ്ഥലമാണിതെന്നും അദ്ദേഹം വിദേശത്താണെന്നുമാണ് പോലീസ് പറഞ്ഞത്.കഴിഞ്ഞ ജൂലൈ 17നാണ് അരവിന്ദാക്ഷനെ കാണാതായത്. എസ്റ്റേറ്റിലേക്കു പോയ അരവിന്ദാക്ഷന്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് ഭാര്യയും മക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിടിയിലായ മാത്യു വര്‍ക്കി ഉള്‍പ്പെടെ നിരവധി പേരെ മുമ്പ് പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും ലഭ്യമായില്ല. തുടര്‍ന്ന് അരവിന്ദന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കി. ഇതിനി ടെ അരവിന്ദന്റെ ബന്ധുക്കള്‍ തോട്ടത്തില്‍ എല്ലാ സ്ഥലങ്ങളിലും അ ന്വേഷിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രിയില്‍ ദൃക്‌സാ ക്ഷിയായ സൈമണ്‍ രഹസ്യം സൂക്ഷിക്കാനാവാതെ ബന്ധുക്കളോട് വിവരം പറയുകയും ഇവര്‍ പോലീസില്‍ അറിയിച്ചതിന്റെ അടിസ്ഥാന ത്തില്‍ മാത്യുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയുമായിരുന്നു.സംഭവ ദിവസം ഉച്ചയ്ക്ക് രണ്ടോടെ അരവിന്ദനും മാത്യുവും തമ്മില്‍ എസ്‌റ്റേറ്റില്‍ വച്ച് വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് തോട്ടത്തിലെ ഷെഡിനുള്ളില്‍ മദ്യലഹരിയില്‍ മാത്യു അരവിന്ദനെ മര്‍ദിക്കുകയും തൂമ്പാകൈ ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. സൈമണ്‍ തടയാനെത്തിയെന്നും എന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യതോടെ മാറി നില്‍ക്കുക യായിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കി.
മരണം ഉറപ്പായതോടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി പഴയ ചാണക കുഴിക്കുള്ളില്‍ മൂടുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരും തെളിവുകള്‍ ശേഖരിച്ചു. ഐജി എസ്. ശ്രീജിത്തും സംഭവസ്ഥലം സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജിജിമോന്‍, സിഐ ഷാജു ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്. റെജിയാണ് അരവിന്ദന്റെ ഭാര്യ. മക്കള്‍ അജിന്‍, അജു.
‘എത്ര ആഴത്തില്‍ മൂടിയാലും ഒരുനാള്‍ സത്യം പുറത്തുവരും” ഈ കേസില്‍ സത്യമെത്തിയത് സൈമണിന്റെ നാവിലൂടെ
മുണ്ടക്കയം: “ജോസുചേട്ടാ അത്യാവശ്യമായി വീടുവരെ വരണം. ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്’. അരവിന്ദന്റെ മൃതദേഹം കണ്ടെത്തിയ തോട്ടത്തിനു സമീപം താമസിക്കുന്ന നടൂപ്പറമ്പില്‍ ജോസിനെയാണ് സൈമണിന്റെ മരുമകന്‍ ഫോണില്‍ വിളിച്ചത്. പലതവണ ആവര്‍ത്തിച്ചു വിളിച്ചപ്പോള്‍ ജോസിന് എന്തോ പന്തികേടു തോന്നി. വൈകുന്നേരം ഏഴോടെ ജോസ് വെളിച്ചിയാനിയിലെ വീട്ടിലെത്തിയപ്പോള്‍ സൈമണ്‍ പരിഭ്രാന്തിയിലിരിക്കുന്നതാണ് കണ്ടത്.
അരവിന്ദന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ വിവരം ഞായറാഴ്ച രാവിലെയാണ് മരുമകനോട് സൈമണ്‍ പറയുന്നത്. പുറത്താരോടെങ്കിലും പറഞ്ഞാല്‍ അരവിന്ദനെ കൊലപ്പെടുത്തിയതുപോലെ തന്നെയും കൊല്ലുമെന്ന് മാത്യു ഭീഷണിപ്പെടുത്തിയിരുന്നു. ഭയംമൂലമാണ് പുറത്തു പറയാതിരുന്നതെന്നും ഇനിയും തനിക്കത് മറച്ചുവെക്കാനാവില്ലെന്നും സൈമണ്‍ വിതുമ്പലോടെ ജോസിനോടു പറഞ്ഞു. തുടര്‍ന്ന് ജോസും മരുമകനും ചേര്‍ന്ന് സൈമണെ മുണ്ടക്കയം പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
തൂമ്പായ്ക്ക് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൈമണ്‍ പോലീസിനോടു പറഞ്ഞത്. ഉടന്‍ പോലീസ് വണ്ടന്‍പതാലിലെത്തി മാത്യുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ താനാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്ത പഴയ ചാണകക്കുഴിയില്‍ മൂടിയെന്നും ഇതിനുശേഷം സമീപത്തെ കൊന്നയുടെ ചവറ് കുഴിക്കു മുകളില്‍ ഇട്ടെന്നും മാത്യു പോലീസിനോടു സമ്മതിച്ചു. സംഭവം വ്യക്തമായതോടെ പോലീസ് രാത്രിയില്‍ തന്നെ തോട്ടത്തിന് കാവലേര്‍പ്പെടുത്തി.
ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി, സിഐ, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മാത്യുവിനെയും സൈമണിനെയും സംഭവസ്ഥലത്തു കൊണ്ടുവന്നിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് എളമ്പ്രാമലയിലെ സ്വകാര്യ റബര്‍തോട്ടത്തില്‍ എത്തിയത്. ഇതിനിടെ അരവിന്ദാക്ഷന്റെ ബന്ധുക്കള്‍ മാത്യുവിനെതിരേ ആക്രോശം മുഴക്കുന്നുണ്ടായിരുന്നു.