മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ അന്വേഷണ കൗണ്ടറില്‍ ആളില്ല

ekm-muvattupuzhaമൂവാറ്റുപുഴ: ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്ന മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയാനുള്ള അഭാവം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയ മന്ദിരം പൊളിച്ചതോടെ റോഡരികിലാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ക്ക് ഇരിക്കാന്‍ താത്ക്കാലികമായി ഷെഡ് നിര്‍മിച്ചിരിക്കുന്നത്. ബസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ചോദിച്ചറിയാന്‍ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ആരെയും കാണാറില്ല. നിര്‍മാണം നടക്കുന്ന കോമ്പൗണ്ടിനുള്ളിലെ മറ്റൊരു കെട്ടിടത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത്.

സമയമോ, മറ്റു കാര്യങ്ങളോ ചോദിച്ചറിയാന്‍ കോമ്പൗണ്ടിനുള്ളില്‍ കയറേണ്ട അവസ്ഥയാണ്. ഇതുമൂലം സ്ത്രീകളും വൃദ്ധരും ഏറെ ദുരിതത്തിലാണ്. മഴകനത്തതോടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. ഇതിന് പുറമെ സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ ശൗച്യാലയം ഇല്ലാത്തതുമൂലം ബുദ്ധിമുട്ടുകയാണ്. പകല്‍ സമയങ്ങളില്‍ ഹോട്ടലുകളും മറ്റും ആശ്രയിക്കാമെങ്കില്‍ രാത്രിയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം ഇല്ലാത്തതാണ് ദുരിതം ഇരട്ടിയാക്കാന്‍ കാരണം. നിര്‍മാണം നടക്കുമ്പോള്‍ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ വരുമെന്നത് ശരിയാണെങ്കിലും യാത്രക്കാര്‍ക്ക് അത്യാവശ്യം വേണ്ട സൗകര്യം ഒരുക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം.

Related posts