കളമശേരി: ഗുരുതരമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് തസ്തികയില്‍ നിന്ന് മാറ്റിയ മെഡിക്കല്‍ കോളജ് ഡോക്ടറിന് വേണ്ടി പത്രക്കുറിപ്പ് ഇറക്കി സി പിഎം വെട്ടിലായി. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഉന്നത തസ്തികയില്‍ യുഡിഎഫ് പ്രതിഷ്ഠിച്ച ഡോക്ടറിനെ മാറ്റരുതെന്നാവശ്യപ്പെട്ട് കളമശേരി സിപിഎം ഏരിയ സെക്രട്ടറി ഇറക്കിയ പത്രക്കുറിപ്പാണ് വിവാദമായത്.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിരവധി ഗുരുതരമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആര്‍എം ഒയെ അടിയന്തിരമായി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇത് സ്ഥലംമാറ്റമാണെന്ന് തെറ്റിദ്ധരിച്ച് സിപിഎം നേതാവ് അടിയന്തിര പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. വിവാദ ഡോക്ടര്‍ മെഡിക്കല്‍ കോളജില്‍ തന്നെ സേവനം തുടരുന്നുണ്ട്. യുഡിഎഫ് യാതൊരു വിധ പ്രതികരണവും നടത്താതിരിക്കേയാണ് സിപിഎം അമിതാവേശം കാണിച്ച് അണികളുടെ അപ്രീതി നേടിയെടുത്തിരിക്കുന്നത്.
അതേ സമയം പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, അച്ചടക്ക ലംഘനം, ശിക്ഷ അര്‍ഹിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നിവ അന്വേഷണ വിധേയമായി കണ്ടെത്തിയ ഡിഎം ഈ ആണ് ഡോ. ഗണേഷ് മോഹനെ ആര്‍എംഒ സ്ഥാനത്ത് നിന്നൊഴിവാക്കിയത്. കളമശേരി നിയോജക മണ്ഡലത്തില്‍ വ്യാപകമായി പണവും ഉപഹാരങ്ങളും വിതരണം ചെയ്തിട്ടും സിപിഎം നേതൃത്വം പ്രത്യക്ഷ സമരത്തിനിറങ്ങാത്തത് വിവാദമായിരിക്കെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.