മൈക്രോ മുട്ടക്കോഴി തട്ടിപ്പ്: പ്രതിയെ ഇന്ന് തെളിവെടുപ്പിനായി എത്തിക്കും

KTM-TATTIPPUചങ്ങനാശേരി: മൈക്രോ മുട്ടക്കോഴി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയെ ഇന്ന് തെളിവെടുപ്പിനായി വീടുകളിലെത്തിക്കും.  ആറ്റിങ്ങല്‍ പോലീസ് അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്ത പ്രതിയെ ചങ്ങനാശേരി ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തിരുവനന്തപുരം ഉളിയായിച്ചിറ പൗഡിക്കോണത്ത് താമസക്കാരനായ വെട്ടികാട്ട് ജോജനെയാണ് (62)പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചങ്ങനാശേരി തുരുത്തി നിവാസികളായ 17 പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

: നൂറ് കോഴിയും ഒരു കോഴിക്കൂടും 12 ചാക്ക് തീറ്റയും രണ്ടായിരം രൂപ ഇന്‍ഷ്വറന്‍സും അടങ്ങുന്ന ഒരു യൂണിറ്റിറ്റാണു മൈക്രോ മുട്ടക്കോഴി യൂണിറ്റ് എന്ന പേരില്‍ ജോജന്‍ നടത്തിയിരുന്നത്. ഒരു യൂണിറ്റിന് ഒരുലക്ഷം രൂപയാണ് ആളുകളില്‍നിന്ന് ഈടാക്കിയിരുന്നത്. ഈ യൂണിറ്റുകളില്‍ നിന്നും മുട്ട എടുത്തുകൊള്ളാമെന്നും കോഴിവളര്‍ത്തുകാരുമായി കരാറുണ്ടാക്കിയിരുന്നു. തിരുവനന്തപുരം ചാത്തന്‍കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന എസ്എന്‍എസ് ഇന്‍ഡസ്ട്രീസ്, വിഷ്ണു ഏജന്‍സിസ് എന്നീ സ്ഥാപനങ്ങളുടെ പേരില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണ് ഈ ഏജന്‍സികളുടെ നേതൃത്വത്തില്‍ മുട്ടക്കോഴി പദ്ധതി നടത്തിവന്നത്.

തുരുത്തിയിലെ 17 കര്‍ഷകരില്‍ നിന്നായി ജോജന്‍ 17 ലക്ഷം രൂപ കൈപ്പറ്റി. 15പേര്‍ക്കു നൂറുകോഴികളും കൂടുമടങ്ങുന്ന സമാമുഗ്രികള്‍ കൈമാറി. പണം കൈപ്പറ്റിയെങ്കിലും രണ്ടുപേര്‍ക്കു കോഴിയും കൂടും നല്‍കിയില്ല. പദ്ധതിയില്‍ ഉള്‍പ്പെട്ട 15 പേരില്‍ നിന്നായി ആറുമാസത്തിനിടില്‍ 2,22,541 മുട്ടകള്‍ ശേഖരിച്ചു. ഒരു മുട്ടക്ക് ആറുരൂപ പ്രകാരം നല്‍കാമെന്ന ധാരണപ്രകാരമാണു മുട്ടസംഭരണം നടത്തിയത്. എന്നാല്‍ ഇതിന്‍പ്രകാരം 13,35,246 രൂപ കര്‍ഷകര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി നല്‍കിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കിന്റെ തുരുത്തി ശാഖവഴി ലഭിച്ച വായ്പ ഇതേ ശാഖയിലൂടെ തന്നെയാണ് മൈക്രോ മുട്ടക്കോഴി പദ്ധതിക്കായി വിഷ്ണു, എസ്എന്‍എസ് ഏജന്‍സികളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും തട്ടിപ്പിനിരയായ കര്‍ഷകര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ പദ്ധതി പ്രകാരം തട്ടിപ്പ് നടത്തിയതായി ആറ്റിങ്ങല്‍, പാറശാല പോലീസ് സ്‌റ്റേഷനുകളില്‍ ഇടപാടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പോലീസ് ജോജനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Related posts