മോദിയുടെ ദളിത് പിന്നാക്ക, മതന്യൂനപക്ഷ പ്രേമം വോട്ട് തട്ടാനുള്ള തന്ത്രമാത്രമെന്ന കെഡിഎഫ്

MODI MAINകൊല്ലം: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലും ബിജെപിയുടെ പ്രമേയത്തിലും ദളിത്, പിന്നാക്ക, മതന്യൂനപക്ഷ പ്രേമം വോട്ടു തട്ടാനുള്ള കുടിലതന്ത്രം മാത്രമാണെന്ന് കേരള ദളിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ആരോപിച്ചു.കെഡിഎഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാമഭദ്രന്‍.

ബിജെ.പി അധികാരം കൈയാളുന്ന കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഏത് പ്രവര്‍ത്തനം കൊണ്ടാണ് ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേട്ടമുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായോ വ്യക്തമാക്കണം.

കോഴിക്കോട്ട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നരേന്ദ്ര മോദി ദളിതര്‍ക്കുവേണ്ടി പ്രസംഗിച്ചു നില്‍ക്കുമ്പോഴാണ് ഗുജറാത്തില്‍ ചത്ത പശുവിനെ മറവു ചെയ്യാന്‍ വിസമ്മതിച്ച ദളിത് കുടുംബത്തെ കൂട്ടമായി ആക്രമിച്ച് ഗുരുതരമായ പരിക്കുകളോടെ ഗര്‍ഭിണിയായ ദളിത് യുവതി ഉള്‍പ്പെടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ജന്മം നല്‍കിയ മാതാവിന് തുല്യമായി സംഘപരിവാര്‍ ആദരിക്കുന്ന ഗോമാതാവ് ചത്തു കഴിഞ്ഞാല്‍ അതിനെ കുഴിച്ചിടാന്‍ ദളിതര്‍ തന്നെ വേണമെന്നു വാശിപിടിക്കുന്നവര്‍ സ്വന്തം മാതാവു മരിച്ചാലും ഇതേ നിലപാടു തന്നെയാണോ സ്വീകരിക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.മുസ്ലിങ്ങളെ നവീകരിക്കണമെന്നും ശുദ്ധീകരിക്കണമെന്നും പറയുന്ന മോദി ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ശുചീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് ഹിന്ദുമതത്തിലേക്ക് മാറ്റിയെടുക്കുകയാണോ എന്ന് വ്യക്തമാക്കണം.

സമ്മേളനത്തില്‍ കെഡിഎഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.പി ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. എം.ബിനാന്‍സ്, പി.ജി. പ്രകാശ്, ടി.പി.അയ്യപ്പന്‍, പി.ടി.ജനാര്‍ദനന്‍, ബോബന്‍ ജി.നാഥ്, എ.കെ.വേലായുധന്‍, വിജയന്‍ സി.കുട്ടമത്ത്, കെ.എം.ഉഷാകുമാരി, എ.രതീഷ്, ദേവദാസ് കുതിരാടം, ഷിബു കതളിപ്പറമ്പില്‍, സുബ്രഹ്മണ്യന്‍ പി.പാണ്ടിക്കാട്, മിനി ലക്ഷ്മണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts