ശ്രീകണ്ഠപുരം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയില്‍. ഇരിക്കൂര്‍ പട്ടീലിലെ കുഞ്ഞിക്കണ്ടി റഫീഖിനെ (28) യാണ് മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.2011 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിക്കൂര്‍ തട്ട്പറമ്പിലെ ജാഫറിനുനേരേയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് കടന്ന ഇയാളെ 2014ല്‍ കണ്ണൂര്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ഇരിക്കൂര്‍ ടൗണില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ആകെ നാലുപ്രതികളാണുള്ളത്. മറ്റ് പ്രതികള്‍ നേരത്തെ തന്നെ പിടിയിലായിരുന്നു. ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ്, എഎസ്‌ഐ മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സത്യനാഥ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രഭാകരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.