കുറ്റിയാടി: വേളം പുത്തലത്ത് അനന്തോത്ത് മുക്കില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കിഴക്കെ പുത്തലത്ത് നസിറുദ്ദീ(22)നെ കൊലപ്പെടുത്താനുപയോഗിച്ച കത്തി വിദേശനിര്‍മിതമെന്ന് പോലീസ്. അമേരിക്കന്‍ നിര്‍മിത സ്റ്റീല്‍കത്തിയാണ് പോലീസ് കണ്ടെടുത്തിട്ടുള്ളത്. സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കുറ്റിയാടി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വേളം വലകെട്ട് കപ്പച്ചേരി ബഷീര്‍ (43), പുമുഖത്തെ കൊല്ലിയില്‍ അന്ത്രു (47) എന്നിവരെയാണ് കുറ്റിയാടി സിഐ വി.വി.ലതീഷും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നാദാപുരം ബസ്സ്റ്റാന്‍ഡ് പരിസരത്തുവച്ച് ഇവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ വടകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് പോലീസ് പറയുന്നത്. നസിറുദ്ദീന്‍ മരിച്ചെന്ന് അറിഞ്ഞതോടെ ഇവിടെനിന്നും രക്ഷപ്പെടുകയും, ബഷീറിന്റെ വീട്ടില്‍ എത്തി വസ്ത്രം മാറുകയും അവിടെനിന്ന് മുങ്ങുകയുമായിരുന്നു.
ഇവര്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ക്കൊപ്പമാണ് കൊലയ്ക്കുപയോഗിച്ച വിദേശനിര്‍മിത കത്തിയുണ്ടായിരുന്നത്. സംഭവത്തിനുപിന്നില്‍ മറ്റ് പ്രതികള്‍ ഉണ്ടോ എന്ന കാര്യവും, ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അതിനിടെ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് പോലീസിന് തലവേദനയായി. നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കയാണ്.