കോതമംഗലം: രണ്ട് പ്രാവശ്യം ഉദ്ഘാടനം ചെയ്തിട്ടും താലുക്ക് ആശുപത്രിയിലെ ഓപ്പറേഷന് തിയറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ തിയേറ്ററിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. ആദിവാസികളടക്കം സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന താലുക്ക് ആശുപത്രിയില്‍ ലക്ഷങ്ങള്‍ മുടക്കി ആധുനിക തിയറ്റര്‍ പണി കഴിപ്പിക്കുകയും കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തിയറ്റര്‍ പ്രവര്‍ത്തിക്കാന്‍ എസി ഇല്ലാത്തതിന്റെ പേരില്‍ അടച്ചിടുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആന്റണി ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ എസി സ്ഥാപിക്കുകയും തിയറ്ററിന്റെ ഉദ്ഘാടനം വീണ്ടും നടത്തുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഓപ്പറേഷന് തിയറ്റര്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. നിര്‍ദ്ധനരും ആദിവാസികള്ളും ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഓപ്പറേഷനുകള്‍ക്കും മറ്റും സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇതേ തുടര്‍ന്നാണ് ജനതാദള്‍-യു നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്മാന് വി.എന്‍.ദിലീപ് കുമാര്‍ അധ്യക്ഷതവഹിച്ചു.എം.എ.സന്തോഷ്, ദീപു മംഗലശേരി, പരീത് ചെമ്പാറ, ടി.കെ.രാജന്, വാവച്ചന് തോപ്പില്‍ കുടി, അരുണ്‍ലാല്‍, മോഹന്‍ ദാസ് നേര്യമംഗലം എന്നിവര്‍ പ്രസംഗിച്ചു.