റബര്‍തടിയുടെ വില താഴ്ന്നിട്ടും കൂലി വര്‍ധിപ്പിക്കാന്‍ വിവിധ തൊഴിലാളി യൂണിയനുകള്‍

bis-rubberകോട്ടയം: റബര്‍ തടിയുടെ വില താഴ്ന്നു നില്ക്കുന്ന സാഹചര്യത്തിലും കൂലി വര്‍ധിപ്പിക്കാന്‍ വിവിധ തൊഴിലാളി യൂണിയനുകളുടെ നീക്കം. റബര്‍ത്തടി വെട്ട്, ചുമട്, ലോഡിംഗ് എന്നിവയുടെ കൂലി 40 ശതമാനം വര്‍ധിപ്പിക്കാനാണു നീക്കം നടക്കുന്നത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ 10 ശതമാനം കൂലി വര്‍ധനവാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നത്.  റബര്‍ത്തടി വില മൂന്നു വര്‍ഷമായി താഴ്ന്നു നില്‍ക്കുന്ന സാഹചര്യത്തിലും തടിവെട്ടുകൂലി ഉയര്‍ത്തിയാല്‍ അതിന്റെ നഷ്ടം കര്‍ഷകരില്‍ തന്നെ വന്നുചേരും. തടിവെട്ട്, ചുമട്, ലോഡിംഗ് എന്നിവയുടെ കൂലി അമിതമായ നിരക്കില്‍ വര്‍ധിപ്പിച്ചാല്‍ കര്‍ഷകര്‍ക്കു ലഭിക്കുന്ന തടിവില വീണ്ടും കുറയും. റബര്‍ത്തടി പ്രധാനമായും മൂന്നായി തിരിച്ചാണ് ലോഡ് ചെയ്യുക.

മികച്ച തടികള്‍ സെലക്ഷന്‍ ഇനത്തില്‍പ്പെടും. ഇത് പ്ലൈവുഡ് നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ഈ തടി മുറിച്ച് ലോഡിംഗിനു മാത്രം ടണ്ണിന് 5600 രൂപയാണു മിക്കയിടങ്ങളിലെയും കൂലിനിരക്ക്. പായ്ക്കിംഗ് പെട്ടികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോക്കല്‍ ലോഡ് ചെയ്യുന്നതിന് 3200 രൂപയും വിറകിനു 2200 രൂപയുമാണ് കൂലി. പുതിയ കൂലിനിരക്ക് നിലവില്‍ വരുന്നതോടെ നിരക്ക് ഇരട്ടിക്കടുത്ത് വര്‍ധിക്കും.  വ്യാപാരി 60000 രൂപ വിലയുള്ള യന്ത്രവാള്‍ വാങ്ങി തടി ചുവടുമുറിച്ചു വീഴ്ത്തുന്നതിനും ചുമന്ന് റോഡില്‍ എത്തിക്കുന്നതിനും തൊഴിലാളിക്ക് 1500 രൂപവീതം ദിവസക്കൂലി വേറെയും നല്‍കണം.

ഈ നിരക്കിനും 40 ശതമാനം വര്‍ധനവാണു തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 100 സെലക്ഷന്‍ മരങ്ങള്‍ വിറ്റാല്‍ തടി ഉടമയ്ക്കു ലഭിക്കുന്നതു പരമാവധി രണ്ടു ലക്ഷം രൂപയാണ്. അഞ്ചു വര്‍ഷം മുമ്പു ഇതിന്റെ ഇരട്ടിയോളം വില ലഭിച്ചിരുന്നു. റോഡില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും പരിശോധന നടത്തിയാല്‍ അമിതലോഡിന്റെ പേരില്‍ ഒരു ലോഡിനു 3000 മുതല്‍ 5000 രൂപവരെ പിഴ ഈടാക്കാറുണ്ട്.
സംസ്ഥാനത്തെ സെലക്ഷന്‍ റബര്‍ത്തടിയുടെ പ്രധാന മാര്‍ക്കറ്റായി അറിയപ്പെടുന്നത് പെരുമ്പാവൂരാണ്. ലോക്കല്‍, വിറക് ഗ്രേഡുകള്‍ക്ക് ആമ്പല്ലൂരാണ് പ്രധാന മാര്‍ക്കറ്റ്.

കോട്ടയം ജില്ലയില്‍നിന്നും ഒരു ലോഡ് തടി പെരുമ്പാവൂരില്‍ എത്തിക്കാന്‍ കുറഞ്ഞതു 10,000 രൂപ ലോറിക്കൂലി നല്‍കണം. നമ്മുടെ നാട്ടില്‍ നിര്‍മിക്കുന്ന പ്ലൈവുഡിന്റെ പ്രധാന മാര്‍ക്കറ്റ് ദുബായ്, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, തുര്‍ക്കി, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ്. പെരുമ്പാവൂരില്‍ മാത്രം ദിനംപ്രതി നിരവധി തടി ലോറികളാണ് എത്തുന്നത്. ഇവിടത്തെ സംഘടിതരായ മില്ലുടമകളാണ് ഓരോ ദിവസത്തെയും തടി ലഭ്യതയനുസരിച്ച് വില നിശ്ചയിക്കുന്നത്.

കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലായി 25 കിലോമീറ്റര്‍ ചുറ്റളവില്‍ 700ല്‍പ്പരം പ്ലൈവുഡ് ഫാക്ടറികളുണ്ട്. തടി ലോറികള്‍ ഇവരുടെ വേ ബ്രിഡ്ജുകളില്‍ മാത്രമേ തൂക്കാന്‍ മില്ലുടമകള്‍ അനുവദിക്കൂ. റബര്‍ ഷീറ്റിനും ലാറ്റക്‌സിനും വിലയിടിഞ്ഞു സാമ്പത്തികമായി തകര്‍ന്ന കര്‍ഷകര്‍ക്കു തടിവെട്ടു കൂലി വര്‍ധിപ്പിക്കാനുള്ള നീക്കം വീണ്ടും തിരിച്ചടിയാകുകയാണ്.

Related posts