പരവൂര്‍:റെയില്‍വേ ബജറ്റ് കേരളത്തിലെ റെയില്‍വേ യാത്രക്കാരെ നിരാശപ്പെടുത്തിയതായി റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ്, ജില്ലാ പ്രസിഡന്റ് റ്റി.പി. ദീപുലാല്‍ എന്നിവര്‍ പറഞ്ഞു. കേരളത്തിലെ യാത്രക്കാരുടെ വിവിധ ആവശ്യങ്ങള്‍ ബജറ്റ് അവഗണിച്ചിരിക്കുകയാണ്. തിരുവനന്തപുരം -ചെങ്ങന്നൂര്‍ സബര്‍മണ്‍ സര്‍വീസിന്റെ പ്രഖ്യാപനവും കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യൂതീകരണവും ശ്രദ്ധേയമാണ്.
നൂതന രീതിയിലുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാകാന്‍ നിരവധി വര്‍ഷങ്ങള്‍ എടുക്കും. യാത്രക്കാര്‍ അനുഭവിക്കുന്ന നിരന്തരമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഒന്നും തന്നെ പ്രഖ്യാപിക്കാത്തത് പ്രതിക്ഷേധാര്‍ഹമാണ്. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം, ശബരി റെയില്‍ പ്രോജക്ട്, എറണാകുളം -ഷൊര്‍ണൂര്‍ സെക്ഷനില്‍ മൂന്നും നാലും ലൈിനുകള്‍, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍, നേമത്തും കോട്ടയത്തും പുതിയ ടെര്‍മിനലുകള്‍, കഞ്ചിക്കോട് കോച്ചു ഫാക്ടറി, ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മാണ യൂണിറ്റ,് കൂടുതല്‍ മെമു സര്‍വീസുകള്‍, പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം-പൂര്‍ത്തീകരണം, മംഗലാപുരം മുതല്‍ നാഗര്‍കോവില്‍ വരെ ഇരട്ടപ്പാതയും വൈദ്യൂതീകരണവും പൂര്‍ത്തിയാക്കല്‍ എന്നീ ആവശ്യങ്ങളാണ് കേരളത്തില്‍ നിന്ന് പ്രധാനമായി ഉന്നയിക്കപ്പെട്ടിരുന്നത്.