കായംകുളം: ഗര്‍ഭിണിയായ യുവതിയെ സ്കാനിംഗ് റൂമിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം ഇരവിപുരം രമ്യാ ഡെയ്‌ലില്‍ ആന്റോ ഐസക്കി(57)നെയാണ് കായംകുളം സിഐ സദന്‍, എസ്‌ഐ രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തെ ഇയാളുടെ വീട്ടില്‍ നിന്ന് ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം കായംകുളം താലൂക്ക് ആശുപത്രിയിലെ സ്കാനിംഗ് മുറിക്കുള്ളിലായിരുന്നു സംഭവം. പിടിയിലായ ആന്‍റ്റോ ഐസക്ക് ആശുപത്രി ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നയാളാണ്. പ്രസവമുറിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ ചലനങ്ങള്‍ അറിയാനുള്ള ഉപകരണങ്ങളുടെ അറ്റകുറ്റപണിയ്ക്കായാണ് ഇയാള്‍ ചൊവ്വാഴ്ച താലൂക്കാശുപത്രിയില്‍ എത്തിയത്. തകരാര്‍ നന്നാക്കിയശേഷം ഉപകരണത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ചത് ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയിലാണ്.
ലേബര്‍ റൂമില്‍ നിന്നു നഴ്‌സ് പുറത്തുപോയ സമയത്തായിരുന്നു ഗര്‍ഭിണിയെ ഇയാള്‍ ഡോക്ടര്‍ എന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു. ഈ സമയം ഡോക്ടറും മുറിയില്‍ എത്തിയിരുന്നില്ല. ഉടന്‍ തന്നെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രി പരിസരത്ത് യുവതിയുടെ ബന്ധുക്കള്‍ ഉയര്‍ത്തിയ പ്രതിഷേധം സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് രംഗം ശാന്തമായത്. പിടിയിലായ പ്രതിയെ കായംകുളം സ്‌റ്റേഷനില്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്.