വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ തിയേറ്ററില്‍ ചുമട്ടുതൊഴിലാളിയായ യുവാവിനു കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാവശേരി കഴനിചുങ്കം അപ്പുവിന്റെ മകന്‍ വേലായുധനാണ് (25) നാണ് ഇന്നലെ തീയേറ്ററില്‍വച്ച് കുത്തേറ്റത്. ഇയാളെ നായനാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു സംഭവം.സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്നതിനിടെയാണ് വയറില്‍ കുത്തേറ്റത്. വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് തിയറ്ററിലെ സിസിടിവി കാമറകളിലുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കുറച്ചുപേര്‍ചേര്‍ന്ന് വാക് തര്‍ക്കം നടത്തുന്നതായി ദൃശ്യത്തിലുണ്ട്. സിനിമ കാണാന്‍ വന്ന യുവാക്കളുടെ കൈവശം കത്തി എങ്ങനെ വന്നു എന്നതും സംശയകരമാണ്. കൂടുതല്‍ ആളുകള്‍ കാണാന്‍വരുന്ന സിനിമ ഇറങ്ങുമ്പോള്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്ത് ബ്ലാക്കില്‍ ടിക്കറ്റ് വില്പന വ്യാപകമായി നടക്കുന്നതും പരാതിയുണ്ട്. ക്വട്ടേഷന്‍സംഘാംഗങ്ങളാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കും.