വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണില്‍ പലയിടങ്ങളിലായി മാലിന്യക്കൂമ്പാരം നിറയുന്നു. കിഴക്കഞ്ചേരി റോഡിലാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. വേനല്‍മഴ തുടരുന്നതിനാല്‍ മാലിന്യം ചീഞ്ഞ് ഈച്ചയും കൂത്താടിയും പെരുകുകയാണ്.മഴവെള്ളത്തിനൊപ്പം മാലിന്യവും കിഴക്കഞ്ചേരി റോഡില്‍ പരന്നൊഴുകുകയാണ്. മത്സ്യ-മാംസ വില്പന നടക്കുന്ന ഇവിടെ ഇതുമൂലം ഭക്ഷ്യവസ്തുക്കള്‍ മലിനമാകാനും കാരണമാകുന്നുണ്ട്. റസ്റ്റ്ഹൗസ്-റോയല്‍ റോഡിലും ടൗണിന്റെ പ്രധാന കവലകളിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യമെല്ലാം അഴുക്കുചാലുകളില്‍ കുടുങ്ങി വെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയു—ണ്ട്.
ടൗണില്‍ ടി.ആര്‍.മില്‍ ജംഗ്്ഷനില്‍ മഴ പെയ്താല്‍ റോഡില്‍ മലിനജലം പൊങ്ങി സമീപ കച്ചവടക്കാര്‍ക്കും നൂറുകണക്കിന് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുകയാണ്. ബസാര്‍ റോഡ് നിര്‍മിക്കുമ്പോള്‍ മാലിന്യചാലുകളുടെ നിര്‍മാണം വേണ്ടത്ര കാര്യക്ഷമമായില്ലെന്ന പരാതി മുമ്പുതന്നെയുണ്ടായിരുന്നു. മാലിന്യചാലുകള്‍ സ്ലാബുകളിട്ട് അതിലൂടെ യാത്രക്കാര്‍ക്ക് വാഹനങ്ങളെ ഭയക്കാതെ നടന്നുപോകാന്‍ സൗകര്യമൊരുക്കുമെന്ന് പറഞ്ഞതൊന്നും നടന്നില്ല. റോളക്‌സ് ഓഡിറ്റോറിയത്തിനു മുന്നിലും മഴ പെയ്താല്‍ മാലിന്യം കുമിഞ്ഞുകൂടും.
ഇവിടത്തെ ചാലുകളും മണ്ണും മാലിന്യവും നിറഞ്ഞു അഴുക്കുവെള്ളം റോഡിലൂടെ ഒഴുകുകയാണ്. കോടികളുടെ ബസാര്‍ റോഡുനിര്‍മാണം നടന്നെങ്കിലും തുടര്‍പ്രവൃത്തികള്‍ നടക്കാതിരുന്നത് ടൗണ്‍ റോഡ് വികസനത്തിന്റെ പ്രയോജനവും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാതെ പോകുകയാണ്.