പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ വാച്ചാല്‍ റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതി. പെരുമ്പാവൂരില്‍ നിന്ന് ഇക്കോ ടൂറിസം മേഖലയായ കോടനാടിനും തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലേക്കും പോകുന്നതിനുള്ള പ്രധാന റോഡാണിത്. പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള ഈ റോഡില്‍ ടാറിംഗ് നടത്തിയപ്പോള്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കരാറുകാരന്‍ വേണ്ട രീതിയില്‍ ജോലികള്‍ നടത്താത്തതാണ് മാസങ്ങള്‍ക്കുള്ളില്‍ വന്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമായതെന്ന ആരോപണമുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറായ 1800-425-7771 ല്‍ വിളിച്ച് പല തവണ പരാതി അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. കാല്‍നടയാത്ര പോലും സാധ്യമല്ലാതായ റോഡിലെ കുഴികളില്‍ കെട്ടി കിടക്കുന്ന മഴവെളളം കാരണം റോഡും കുഴികളും തിരിച്ചറിയാന്‍ സാധിക്കാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓട്ടം വിളിച്ചാല്‍ ഓട്ടോറിക്ഷകള്‍ വരാത്ത സാഹചര്യമാണുള്ളതെന്ന് പഞ്ചായത്ത് മെമ്പര്‍മാരായ ഉഷാ ദേവിയും മേഴ്‌സി പൗലോസും പറയുന്നു.
ഇരുപത്തഞ്ചോളം സ്വകാര്യ ബസുകള്‍ ഇതിലെ സര്‍വീസ് നടത്തുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തി വാച്ചല്‍ പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡ് ഗതാഗത യോഗ്യമാക്കിയില്ലങ്കില്‍ പിഡബ്ല്യൂഡി ഓഫീസ് ഉപരോധിച്ച്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയറെ തടഞ്ഞുവയ്ക്കുമെന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തൊടാപ്പറമ്പ് ഗ്രാമസംരക്ഷണ സമിതി പ്രസിഡന്റ് കെ.ആര്‍. സന്തോഷ് കുമാര്‍ പറഞ്ഞു.

