ചിറ്റൂര്‍: വാര്‍ധക്യകാല പെന്‍ഷന്‍ വിതരണം പോസ്റ്റ് ഓഫീസ് വഴി തന്നെയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ പഞ്ചായത്തുകളില്‍ നിന്നും ചെക്ക് നല്കി ബാങ്കിലെത്തി പണം കൈപ്പറ്റുന്ന രീതിയാണ് നടപ്പിലാക്കിവരുന്നത്. ഇതിന് ഒരാഴ്ചവരെ കാലതാമസമുണ്ടാകുന്നുവെന്നാണ് ആക്ഷേപം. മൂന്നുതവണവരെ ഇതിനായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങേണ്ടിവരുന്നു.
പ്രായാധിക്യമുള്ളവര്‍ വിവിധ അസുഖബാധിതരുമാണ്. ഇവരെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകേണ്ടിവരുന്നതുമൂലം സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു. 600 രൂപ പെന്‍ഷന്‍ വാങ്ങാന്‍ മുന്നൂറ് രൂപ ചെലവ് വരുന്ന സ്ഥിതിയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. എണ്‍പത് വയസ് കഴിഞ്ഞവര്‍ക്ക് 1200 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. കിടപ്പിലായവരും രോഗികളും യാത്ര ചെയ്യാനാകാത്തതുമൂലം പെന്‍ഷന്‍ വാങ്ങാന്‍കഴിയാത്ത അവസ്ഥയുമുണ്ട്. വാര്‍ധക്യകാല പെന്‍ഷന്‍ പോസ്റ്റ് ഓഫീസുവഴി നല്കുന്നത് പുനരാരംഭിച്ചാല്‍ ഇത്തരം ദുരിതം അവസാനിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.