വില്ലത്തരങ്ങളുടെ അര്‍ച്ചന

archanaസീമ മോഹന്‍ലാല്‍

പത്തു വര്‍ഷം മുമ്പ് ഒരു മലയാളം ചാനലില്‍ ഫോണ്‍-ഇന്‍-പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ പെണ്‍കുട്ടി. മലയാളം അറിയാത്ത ആ ഉത്തരേന്ത്യക്കാരിയുടെ കൊഞ്ചിക്കൊഞ്ചിയുള്ള സംസാരം പ്രേക്ഷകരെ ആകര്‍ഷിച്ചു.

തുടര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷം ആ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ വീണ്ടും കണ്ടു. എന്റെ മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി ഗ്ലോറിയായി. അലസമായി പറക്കുന്ന തലമുടി, ആരെയും കൂസാതെയുള്ള നടത്തം, എന്തും ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം… ഇവയെല്ലാമാണ് ഗ്ലോറി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകരുടെ ഓര്‍മകളില്‍ ഇന്നും നിലനിര്‍ത്തുന്നത്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന സീരിയലിലെ ഡോ.മെറീനയായും മഴവില്‍ മനോരമയിലെ സീരിയലായ പൊന്നമ്പിളിയിലെ ഭൈരവിയായും വില്ലന്‍ വേഷത്തിലെത്തുന്ന  അര്‍ച്ചന സുശീലന്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമാണ്. അഭിനയം, നൃത്തപരിപാടികള്‍ എന്നിങ്ങനെ തിരക്കിട്ട ജീവിതത്തിലാണ് അര്‍ച്ചനയിപ്പോള്‍.

മലയാളം അറിയാതെ അഭിനയം

ബാല്യകൗമാരങ്ങളെല്ലാം മധ്യപ്രദേശിലായിരിരുന്നതുകൊണ്ട് അര്‍ച്ചനയുടെ മലയാളത്തിന് താളം കുറവായിരുന്നു. അതിനാല്‍ ഉത്തരേന്ത്യക്കാരിയാണെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. അര്‍ച്ചനയുടെ പിതാവ് സുശീലന്‍ കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാള്‍ സ്വദേശിനിയും. പല സീരിയല്‍ ഡയറക്ടര്‍മാരും അഭിനയം അറിയില്ലെന്നു പറഞ്ഞ് തന്നെ തിരിച്ചയച്ചിട്ടുണ്ടെന്ന് അര്‍ച്ചന പറയുന്നു. ഒടുവില്‍ ഡയറക്ടര്‍ സുധീഷ് ശങ്കറാണ് അവസരം നല്‍കിയത്.

കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. മലയാളം കേട്ട് പറയുകയും ഒപ്പം അഭിനയിക്കുകയും വേണം. പക്ഷേ, അര്‍ച്ചന തന്റെ റോള്‍ ഭംഗിയായി ചെയ്തു.

എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അര്‍ച്ചനയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. അമ്മക്കിളി എന്ന സീരിയലില്‍ പോസിറ്റീവ് ഇമേജുള്ള കാരക്ടറായ ദേവികയായാണ് അര്‍ച്ചന പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. രണ്ടു തമിഴ് സീരിയലുകളിലും അഭിനയിച്ചു.

പ്രണയത്തിന്റെ മധുരം

ഏഴു വര്‍ഷം മുമ്പാണ് അര്‍ച്ചന ഡല്‍ഹി സ്വദേശിയായ മനോജ് യാദവിനെ പരിചയപ്പെടുന്നത്. അര്‍ച്ചനയുടെ ഡാന്‍സ് കണ്ട് ആകൃഷ്ടനായ മനോജ് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. ഡല്‍ഹിയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവാണ് മനോജ്. വീട്ടുകാരോട് സമ്മതം ചോദിക്കാന്‍ അര്‍ച്ചന പറഞ്ഞു. പിറ്റേന്ന് തന്നെ മനോജ് വീട്ടില്‍ വന്ന് സമ്മതം ചോദിച്ചു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 2014 ഫെബ്രുവരി 22-നാണ്  ഇവരുടെ വിവാഹം നടന്നത്.
പുതിയ പ്രോജക്ട്

സൂര്യ ടിവിയില്‍ ഒരു റിയാലിറ്റി ഷോ ഉടന്‍ ആരംഭിക്കും. മലയാളത്തില്‍ മറ്റൊന്നും ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടില്ല. തമിഴ് സീരിയലുകളിലേക്ക് വിളിച്ചെങ്കിലും പോകുന്നില്ല. ഇവിടത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നൈയിലേക്കു പോകാനുള്ള ബുദ്ധിമുട്ടുതന്നെയാണ് കാരണം. ഗേള്‍സ്, തിങ്കള്‍ മുതല്‍ വെള്ളിവരെ എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഒരു ചിത്രം റിലീസ് ചെയ്യാനുണ്ട്. സിനിമയില്‍ താത്പര്യമുണ്ട്. പക്ഷേ സീരിയലിന്റെ ഡേറ്റുമായി ക്ലാഷ് ആകേണ്ടെന്ന് കരുതി പലതും വേണ്ടെന്നു വച്ചു.

കുടുംബവിശേഷങ്ങള്‍

അച്ഛന്‍ വി.സുശീലന്‍ സിആര്‍പിഎഫില്‍ നിന്നു ഡെപ്യൂട്ടി കമന്‍ഡാന്റായി വിരമിച്ചു. അമ്മ ലീന സുശീലന്‍. ചേച്ചി കല്‍പന. ഭര്‍ത്താവ് മനു നേവിയിലാണ്. മകന്‍ സ്വയം. അവര്‍ ഡല്‍ഹിയില്‍ സെറ്റില്‍ഡാണ്. ചേട്ടന്‍ റോഹിത്ത് സണ്‍ടെക്കില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ സീരിയല്‍ നടി ആര്യ. അച്ഛന്റെ സ്വദേശം കൊല്ലത്ത് പട്ടത്താനത്താണ്. അമ്മ നേപ്പാള്‍ സ്വദേശിയും. ഞങ്ങള്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം മധ്യപ്രദേശിലാണ്.

Related posts