തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. ആനയറ കമ്പിക്കകം കുടവൂര്‍ ഗോപികയില്‍ സായി കൃഷ്ണ (28)നെയാണ് മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണില്‍ വിളിച്ചു പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. തുടര്‍ന്നു ഗര്‍ഭിണിയായ യുവതിയെ വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായാല്‍ തന്റെ വീട്ടുകാര്‍ എതിര്‍ക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിച്ചതിനു ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.
തുടര്‍ന്നു വയനാട്ടില്‍ ഒളിവില്‍ താമസിച്ചതിനു ശേഷം കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയതറിഞ്ഞ് പോലീസെത്തി പിടികൂടുകയായിരുന്നു. കഴക്കൂട്ടം സൈബര്‍ സിറ്റി എസി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ബിനുകുമാര്‍, എസ്സിപിഒ ജയശങ്കര്‍, ജയന്, ഷജീര്‍, സിപിഒ അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.