വിവാഹവീട്ടില്‍ പൊരിഞ്ഞ അടി വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേര്‍ക്ക് ! ഇരിട്ടിയിലെ വിവാഹ ആഘോഷം കുളമായത് ഇങ്ങനെ…

ഇരിട്ടി: വിവാഹവീട് സംഘര്‍ഷ വേദിയായാല്‍ എങ്ങനെയിരിക്കും. ഇരിട്ടിയിലെ വിവാഹ വീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി 10 മണിക്ക് കണ്ണൂര്‍ ജില്ലയിലെ അയ്യംകുന്ന് ചരളില്‍ ആണ് സംഭവം. കരിക്കോട്ടക്കരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചരളില്‍ ഒരു വിവാഹ വീട്ടില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചരള്‍ സ്വദേശികളായ വേണ്ടാ മലയില്‍ ഹൗസില്‍ കിഷോര്‍ (17), തച്ചിലോടിയില്‍ ഹൗസില്‍ അമല്‍ ടി.ആര്‍ (19), ഇളയാട്ടുപടിയില്‍ കൃഷ്ണകുമാര്‍ (18), തേക്കും പൊയ്കയില്‍ വിജയ് പ്രസാദ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി വാക്കു തര്‍ക്കമുണ്ടാവുകയും തിരിച്ചു വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേ വിവാഹ വീടിന് മുന്നില്‍ റോഡില്‍ ബൈക്ക് തടഞ്ഞ് വെച്ച് മുണ്ടയാംപറമ്പ് സ്വദേശിയും ചെങ്കല്‍ ലോറി ഡ്രൈവറുമായ ദിലിപ് (34), ചെങ്കല്‍ ലോറി ഡ്രൈവര്‍മാരായ ചരള്‍ വാരപ്പടവില്‍ ഹൗസില്‍ ശ്രീജിത്ത് (36), ചരള്‍ പാറേക്കാട്ടില്‍ സിനോജ് (35), ചരള്‍ പാറേക്കാട്ടില്‍ ജ്യോബിഷ് (36), ചരള്‍ കാവിന്‍ കിഴക്കേയില്‍ മനു (34), മുണ്ടായറമ്പറമ്പ് സ്വദേശി ഗോപാലകൃഷ്ണന്‍ (49) എന്നിവര്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.എന്തായാലും ആഘോഷം അലങ്കോലമായി എന്നു പറഞ്ഞാല്‍ മതി.

Related posts