കാക്കനാട്: വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിച്ചെടുത്ത് ജില്ലാ ആസ്ഥാനമായ സിവില്സ്റ്റേഷന് കെട്ടിടത്തോടു ചേര്‍ന്ന് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. കാലപ്പഴക്കം ചെന്നതും മോട്ടോര്‍ വാഹന വകുപ്പ് വിവിധ കുറ്റങ്ങളുടെ പേരില്‍ പിടിച്ചെടുത്തതുമായ നൂറോളം വാഹനങ്ങളാണ് നാളുകളായി സിവില്‍ സ്റ്റേഷന് കെട്ടിടത്തോടു ചേര്‍ന്ന് കൂട്ടിയിട്ടിരിക്കുന്നത്.
കൊല്ലം, മലപ്പുറം കളക്ടറേറ്റ് കോമ്പൗണ്ടുകളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതു പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനിടയില്‍ നിന്നാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഇവിടെ യാതൊരു നടപടിയും എടുക്കുന്നില്ല. ബന്ധപ്പെട്ട അധികൃതരുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥമൂലം കോടിയില്‍പരം രൂപയുടെ പൊതുമുതലാണ് നശിക്കുന്നത്. വാഹനവകുപ്പ് പിടിച്ചെടുത്ത വാഹനങ്ങളുടെ ടാക്സ്, പിഴ എന്നീ ഇനങ്ങളില്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഇപ്പോള്‍ ഈ വാഹനങ്ങള്‍ വിറ്റാല്‍ കിട്ടില്ല എന്നതിനാലാണ് ഉടമസ്ഥര്‍ എത്താത്തത്.
ഇവ ലേലം ചെയ്തു വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ വൈകുന്നതാണ് തുരുമ്പെടുത്ത് നശിക്കാന്‍ കാരണം. തെരുവുനായ്ക്കള്‍ക്കും ഇഴജന്തുക്കള്‍ക്കും താവളമാണിവ. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും ഇതിനോടു ചേര്‍ന്നാണ്. ഇത്തരം പഴയ വാഹനങ്ങള്‍ ലേലം ചെയ്യണമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കല്‍ വിഭാഗം വില നിര്‍ണയിച്ചു നല്‍കണം. അതിലെ കാലതാമസംമൂലമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതെന്നാണ് പറയുന്നത്.
സിവില്‍ സ്റ്റേഷനിലേയും പ്രത്യേകിച്ച് കളക്ടറേറ്റിലേയും സുരക്ഷയുടെ ഭാഗമായി നൂറോളം സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷന് പരിസരത്തു കിടക്കുന്ന പഴയ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും ഈ കാമറകണ്ണുകളില്‍ പതിയുകയില്ല. അതുകൂടി ലഭിക്കുന്ന വിധം സിസിടിവി സജ്ജീകരിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. വൈകുന്നേരം ആറു കഴിഞ്ഞ് കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും ഇവിടേക്ക് എത്തുന്നവരേയും പ്രത്യേകം നിരീക്ഷിക്കാന്‍ കളക്ടര്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.