വിശാലകൊച്ചിയുടെ വികസനത്തിനു പുതിയ മുഖം നല്കി വേണുഗോപാല്‍ ഇന്ന് സ്ഥാനമൊഴിയുന്നു

EKM-VENEUGOPALകൊച്ചി: കഴിഞ്ഞ നാലരവര്‍ഷം കൊണ്ടു വിശാല കൊച്ചി മേഖലയുടെ വികസനത്തിനായി 25ല്‍ പരം പദ്ധതികള്‍ നടപ്പിലാക്കിയതായി ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അഥോറിറ്റി(ജിസിഡിഎ) ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍. സംസ്ഥാനത്തു പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ ഇന്നു പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ രാജിക്കത്ത് തദ്ദേശ ഭരണ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനു കൈമാറിയതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നു നടപടികള്‍ കൈക്കൊള്ളുന്നതിനു തടസം നേരിട്ട പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും  മുന്നോട്ടു പോവുകയാണ്.

വിവാദമായ മണപ്പാട്ടി പറമ്പിലെ ഭൂമി അടക്കമുള്ള കാര്യങ്ങളില്‍ വഴിവിട്ട് ഒന്നും ചെയ്തതായി കരുതുന്നില്ല.  സ്ഥലം നല്‍കല്‍ കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനം കൈക്കൊള്ളേണ്ടത്. സര്‍ക്കാര്‍ അനുമതിക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജിസിഡിഎ. ഭൂമി വാങ്ങലും വില്‍ക്കലും ജിസിഡിഎ ആദ്യകാലം മുതല്‍ നടത്തിവരുന്ന കാര്യങ്ങളാണ്. അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട് ജിസിഡിഎ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.  ഗ്രൗണ്ട് നവീകരണത്തിന്റെ ടെന്‍ഡറിംഗ് നടപടികള്‍ പൂര്‍ത്തിയായി. തയാറെടുപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇക്കാര്യങ്ങളില്‍  നടപടികള്‍ക്കു ചുമതലപ്പെട്ടയാള്‍ അതിന്റെ നോഡല്‍  ഓഫീസറാണെന്നും  വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നാലര വര്‍ഷം കൊണ്ട്  ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കം കുറിക്കാനായി. സമയബന്ധിതമായി പലതും പൂര്‍ത്തിയാക്കാനും കഴിഞ്ഞു.  നഗരവികസനമെന്നതിനപ്പുറം ജൈവകാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ ജിസിഡിഎ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ പരക്കെ ശ്രദ്ധ പിടിച്ചുപറ്റി.  കൊറിയന്‍ സാങ്കേതികതയിലുള്ള പാലങ്ങളായാലും നക്ഷത്രവനം പദ്ധതിയായാലും  പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കെഎംആര്‍എലുമായി ചേര്‍ന്നു പനമ്പിള്ളി നഗര്‍ ബ്യൂട്ടിഫിക്കേഷന്‍ നടപ്പിലാക്കി വരുന്നു. ശാസ്ത്രിനഗര്‍ മുതല്‍ കൈരളി അപ്പാര്‍ട്ട്‌മെന്റ് വരെ ഇതിന്റെ ഭാഗമായി സൈക്കിള്‍  ട്രാക്ക് ഉള്ള റോഡ് നിര്‍മാണം പുരോഗമിക്കുകയാണ്.  എന്നാല്‍ പനമ്പിള്ളി നഗറിലെ കലുങ്ക് നിര്‍മാണം നിര്‍ദിഷ്ട സമയത്ത്  പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അക്കാര്യത്തില്‍ ഇനി വരുന്നവര്‍ ഉചിതമായ നടപടി കൈക്കൊള്ളട്ടെ.

അറ്റ്‌ലാന്റിസ് ക്രോസ് റോഡ് ഒഴിവാക്കി പനമ്പിള്ളി നഗറില്‍ നിന്നു തേവരയിലേക്കും എംജി റോഡിലേക്കും പ്രവേശിക്കാന്‍ പാകത്തില്‍ പുതിയ റോഡ് തുറന്നു. കിന്‍കോ ജെട്ടി മുതല്‍ ഗോശ്രി പാലത്തിനു സമീപം വരെയുള്ള പുതിയ പരിസ്ഥിതി സൗഹൃദ നടപ്പാത,ഡോ.എ.പി.ജെ അബ്ദുള്‍ കലാം മാര്‍ഗ്  ഇക്കാലയളവില്‍  നിര്‍മിച്ചതാണ്. ഡോ.കലാമിന്റെ ചിത്രങ്ങളും വചനങ്ങളും ആലേഖനം ചെയ്ത് നടപ്പാത മനോഹരമാക്കുന്ന പണികള്‍ നടന്നുവരികയാണ്.  ജിസിഡിഎ ഓഫീസ്  50 ശതമാനവും സോളാര്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കാല്‍നൂറ്റാണ്ടായി മുടങ്ങിക്കിടന്ന ബണ്ട് റോഡ് പദ്ധതി കുരുക്കഴിച്ച് 800 മീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. 15 മീറ്റര്‍ വീതിയില്‍ ശാസ്ത്രിനഗറില്‍ നിന്ന് കെ.പി.വള്ളോന്‍ റോഡിലെത്തുന്നതായിരുന്നു ഈ നിര്‍മാണം. ദേശീയപാതയിലേക്കുള്ള ബാക്കി റോഡ് പൂര്‍ത്തീകരിക്കാനുള്ള  നടപടി പൂര്‍ത്തിയായിവരുന്നു.

മാനാശേരിയില്‍ 48 ഇടത്തരം ഫഌറ്റുകള്‍ നിര്‍മിച്ചു.  കാക്കനാട് 25 സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റ് പൂര്‍ത്തിയാക്കി.   ചെലവു കുറഞ്ഞതും കാലതാമസമില്ലാതെ നിര്‍മിക്കാനും കഴിയുന്ന കൊറിയന്‍ സാങ്കേതികതയിലുള്ള രണ്ടു പാലങ്ങള്‍  നിര്‍മിച്ചു. കലൂര്‍ ജിസിഡിഎ മാര്‍ക്കറ്റ് നവീകരണം പൂര്‍ത്തീകരണഘട്ടത്തിലാണിപ്പോള്‍. കലൂര്‍ സ്വകാര്യമാര്‍ക്കറ്റിലെ പ്രധാന വിഭഗങ്ങളെല്ലാം ഇതു പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് മാറ്റും. കാല്‍ നൂറ്റാണ്ടായി മുടങ്ങിക്കിടന്ന കൊട്ടേക്കനാല്‍ റോഡിലെ തടസങ്ങള്‍ നീക്കി തുറന്നു കൊടുത്തു. കലൂര്‍ പിവിഎസ് ആശുപത്രിക്കു സമീപത്തു നിന്ന്  ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡ്‌വരെ നേരെ വരാനാകുന്ന തരത്തിലാണിപ്പോള്‍ റോഡ്.

ഏഴുവര്‍ഷത്തിനുശേഷമാണ് കടവന്ത്രയില്‍ നിന്ന് കതൃക്കടവ് പാലം വരെ ബിഎംബിസി നിലവാരത്തില്‍ റോഡ് പുതുക്കിനിര്‍മിച്ചത്.കലൂര്‍ കതൃക്കടവ് പാലം വരെയുള്ള ബാക്കി ഭാഗത്തിന് പ്രത്യേക അനുമതി ലഭ്യമാക്കിയിട്ടുണ്ട്.  കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ  ഒരുഭാഗത്ത് കാടും അഴുക്കും നിറഞ്ഞ് നിന്ന ഭാഗം വൃത്തിയാക്കി നക്ഷത്രവനം സ്ഥാപിച്ചു.  കോട്ടുവള്ളി പഞ്ചായത്തിന്റെ അഭ്യര്‍ഥന പ്രകാരം അവര്‍ക്കായി ഒരു ഷോപ്പിംഗ് കോംപ്ലക്‌സും കമ്യൂണിറ്റി ഹാളും നിര്‍മിച്ചു നല്‍കി. അമ്പലമുഗളില്‍ 130 പാവപ്പെട്ടവര്‍ക്ക് ജിസിഡിഎ സ്ഥലം അളന്നുതിട്ടപ്പെടുത്തി പട്ടയം നല്‍കി.

ഉദയകോളനിയില്‍ 22 പേര്‍ക്കും പുതുതായി പട്ടയം നല്‍കി. ജിസിഡിഎ ആസ്ഥാനത്ത് കാന്റീനും കോണ്‍ഫറന്‍സ് ഹാളുമടങ്ങിയ പുതിയ കെട്ടിട സമുച്ചയം തുറന്നു. മാനാശേരിയില്‍  കൂടു മത്സ്യകൃഷി തുടങ്ങി.  ഒക്‌ടോബറോടെ 2030 ടണ്‍ മല്‍സ്യ വിളവെടുപ്പ് പ്രതീക്ഷിക്കുന്നു.  ടൂറിസത്തിനും പ്രാധാന്യം നല്‍കും വിധം നടപ്പാതയും കുട്ടികള്‍ക്കായി പാര്‍ക്കും ഭക്ഷണശാലയും ഇവിടെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.  പത്രസമ്മേളനത്തില്‍ ജിസിഡിഎ സെക്രട്ടറി ആര്‍. ലാലുവും സംബന്ധിച്ചു.

Related posts