മധുര: തമിഴ്നാട് മധുരയിൽ വിധവയായ 24കാരിയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാറിടിപ്പിച്ച് കൊന്നു. പൊട്ടപ്പട്ടി സ്വദേശി സതീഷ്കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവും മധുര സ്വദേശിയുമായ അഴകറിനെ(58) പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ മകള്‍ രാഘവിയും (24) ബന്ധുവായ സതീഷ്കുമാറും (21) ലിവ് ഇന്‍ ടുഗെതർ പങ്കാളികളായി കഴിയുകയായിരുന്നു. പ്രായക്കുറവുള്ള യുവാവിനൊപ്പം മകള്‍ താമസിക്കുന്നത് രാഘവിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല.
ഇവർ ഒരുമിച്ച് ജീവിക്കുന്നത് ഇഷ്ടമല്ലാതിരുന്ന യുവതിയുടെ ബന്ധുക്കൾ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. കാര്‍ കയറിയിറങ്ങി സതീഷ്കുമാര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാഘവി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
രണ്ട് മക്കളുടെ അമ്മയായ രാഘവിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. പോലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്ക് ശേഷം ഇരുവരും ടൂ വീലറിൽ പോകാുമ്പോൾ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.