മെയിന്‍പുരി: പതിനഞ്ച് രൂപ നല്‍കാത്തതിന് ദളിത് ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കടക്കാരനെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തിയേക്കും. ഇയാള്‍ക്കെതിരേ കൊലപാതകത്തിന് കേസ് എടുത്തിട്ടുണ്ട്. ഇതിനൊപ്പമാണ് ദേശീയ സുരക്ഷാ നിയമം കൂടി ചുമത്താല്‍ പോലീസ് ആലോചിക്കുന്നത്. ഇന്നലെ രാവിലെ ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദളിത് കുടുംബം ഒരു കടയില്‍ നിന്നും 15 രൂപയുടെ ബിസ്കറ്റ് വാങ്ങിയിരുന്നു.
ഇതിന്റെ വില കൊടുക്കാന്‍ ഒരു ദിവസം വൈകിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ടുദിവസം മുന്‍പാണ് ദമ്പതികള്‍ ബിസ്കറ്റ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. ബിസ്കറ്റിന്റെ വിലയായ 15 രൂപ അടുത്തദിവസം തരാമെന്നായിരുന്നു കടക്കാരനോട് പറഞ്ഞത്. അടുത്തദിവസം ഇരുവരും ജോലിക്ക് പോകുമ്പോള്‍ കടക്കാരന്‍ അശോക് മിശ്ര പണം വീണ്ടും ചോദിച്ചു. ഇപ്പോള്‍ കൈയിലില്ലെന്നും ഉടന്‍ നല്‍കാമെന്നും പറഞ്ഞതോടെ കടക്കാരന്‍ കുപിതനാകുകയായിരുന്നു.
തുടര്‍ന്ന് ദളിതരുമായി വാക്കുതര്‍ക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയി. നാട്ടുകാരാണ് പിന്നീട് അശോക് മിശ്രയെ പോലീസില്‍ ഏല്‍പ്പിച്ചത്. കടയില്‍ വരുന്നവരോട് ഇയാള്‍ മോശമായാണ് പെരുമാറിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഉന്നത ജാതിയിപ്പെടുന്നയാള്‍ ആയതുകൊണ്ടുതന്നെ ദളിതരോടുള്ള പെരുമാറ്റം ക്രൂരമായിരുന്നു. സംഭവത്തില്‍ ദളിതര്‍ കടുത്ത പ്രതിഷേധത്തിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.