വേനലിന്റെ രൂക്ഷതയില്‍ വന്യമൃഗങ്ങളും നാട്ടിലേക്ക്, മലയോര ഗ്രാമങ്ങള്‍ ഭീതിയില്‍

alp-chuduആങ്ങമൂഴി: വേനലിന്റെ രൂക്ഷതയില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി തുടങ്ങിയതോടെ മലയോര ഗ്രാമങ്ങള്‍ ഭീതിയിലായി. ഇന്നലെ രാവിലെ ആങ്ങമൂഴി പാലത്തടിയാര്‍ വനമേഖലയില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്നതിന്റ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.വളര്‍ത്തുമൃഗങ്ങള്‍ക്കു തീറ്റ തേടി ഉള്‍വനത്തില്‍ കയറിയ ആളാണ് കൊല്ലപ്പെട്ടത്. പുലിയാണ് ഇയാളെ ആക്രമിച്ചതെന്ന നിഗമനത്തിലാണ് വനപാലകര്‍. പുലിയുടെ ആക്രമണ ശൈലിയാണ് കൊല്ലപ്പെട്ട ബേബിയുടെ ശരീരത്തിലുള്ളത്. കഴുത്തിനാണ് പരിക്ക്. പല്ലുകള്‍ കുത്തിയിറക്കി രക്തം ഊറ്റിക്കുടിച്ചതിന്റെ ലക്ഷണങ്ങള്‍ കഴുത്തില്‍ കാണാനുണ്ട്.

വന്യജീവിയുടെ ആക്രമണത്തിലൂടെയുള്ള മരണം ജില്ലയുടെ സമീപകാല ചരിത്രത്തിലുമില്ല. പുലി, കടുവ തുടങ്ങിയവയുടെ ശല്യം റാന്നി, കോന്നി വനം ഡിവിഷനുകളോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി പുലി ആങ്ങമൂഴി, ചിറ്റാര്‍, തണ്ണിത്തോട്, കുമ്മണ്ണൂര്‍, തണ്ണിത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇറങ്ങാറുണ്ട്. വളര്‍ത്തു മൃഗങ്ങളെ വ്യാപകമായി ഇവ കൊന്നൊടുക്കാറുണ്ട്. വളര്‍ത്താടുകളുടെ കഴുത്തിനു പിടിച്ച് രക്തം കുടിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇതേ രീതിയിലാണ് ഇന്നലെ മനുഷ്യനെയും ആക്രമിച്ചിട്ടുള്ളതെന്നതിനാല്‍ പുലിയാണ് ആക്രമണകാരിയെന്നു സംശയിക്കുന്നതായി ഗൂഡ്രിക്കല്‍ വനം റേഞ്ച് ഓഫീസര്‍ കെ.എ. സാജു പറഞ്ഞു. പുലിയുടെ കാല്‍പ്പാടുകള്‍ സംഭവം നടന്ന വനമേഖലയോടു ചേര്‍ന്നു കണ്ടെത്തിയിരുന്നു. പട്രോളിംഗിനിറങ്ങിയ സംഘവും പ്രദേശവാസികളില്‍ ചിലരും പുലിയെ നേരത്തെ കണ്ടിരുന്നതായു പറയുന്നു.

വേനല്‍ രൂക്ഷമായതോടെ വന്യമൃഗങ്ങള്‍ കാട്ടിലെ നീര്‍ച്ചാലുകളും തോടും തേടി ഇറങ്ങാറുണ്ട്. ഇന്നലെ ബേബി എന്നയാള്‍ വന്യജീവിയുടെ ആക്രമണത്തിനു വിധേയമായിരിക്കുന്നത് ഒടിച്ചുകുത്തി വളവിനു 50 മീറ്റര്‍ അകലെയുള്ള തോടിന്റെ കരയിലാണ്. ബേബി കിടന്ന സ്ഥലം റാന്നി റേഞ്ചിലെ രാജാംപാറ ഫോറസ്റ്റ് സ്‌റ്റേഷനു കീഴിലുള്ള സ്ഥലമാണ്. ആങ്ങമൂഴി – പ്ലാപ്പള്ളി റോഡരികിലുമാണ് പ്രദേശം. സമീപവാസിയായ ഇയാള്‍ സ്ഥിരമായി കാട്ടിനുള്ളില്‍ കയറാറുണ്ടായിരുന്നുവെന്നും വനപാലകര്‍ പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ക്കു തീറ്റ തേടിയാണ് ഇന്നലെ ബേബി വനത്തില്‍ കയറിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മൂന്നു വര്‍ഷം മുമ്പ് ആങ്ങമൂഴിയില്‍ ഇതേ പ്രദേശങ്ങളില്‍ നിന്നു പുലി പുറത്തിറങ്ങിയിരുന്നു. പുലികളിലൊന്നിനെ പിടികൂടാനുള്ള ശ്രമത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. പുലിയെ പിടികൂടാനുള്ള ശ്രമത്തില്‍ ചിലര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി. പുലിയുടെ ശല്യം വര്‍ധിച്ചതോടെ കെണിയില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം. കുമ്മണ്ണൂര്‍ വനമേഖലയിലും കഴിഞ്ഞവര്‍ഷം പുലി കെണിയില്‍ കുടുങ്ങി. ഇതും പിന്നീട് ചത്തു. പുലിയുടെ സാന്നിധ്യമുള്ള മേഖലകളില്‍ കൂട് സ്ഥാപിച്ചാണ് നാട്ടുകാരുടെ ഭീതി അകറ്റുന്നത്. കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യം രണ്ടു വനമേഖലകളിലുള്ളതുമാണ്. ഇവ പുറത്തിറങ്ങുന്നത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും മനുഷ്യജീവനു ഭീഷണിയുമുണ്ടാക്കുന്നതുമാണ്.

Related posts