കണ്ണൂര്‍: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണും മറ്റും വൈദ്യുതലൈന്‍ പൊട്ടിവീണതാ യോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലേക്കു വിളിച്ചറിയിക്കണമെന്നു വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. കേരളത്തിലെവിടെനിന്നും 1912 എന്ന കെഎസ്ഇബിയുടെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്കു വിളിക്കാവുന്നതാണ്. കൂടാതെ 0471 2555544 എന്ന എന്ന ഫോണ്നമ്പറിലേക്കും വിളിച്ചും കെഎസ്ഇബിയെ സംബന്ധിച്ച എന്തു പരാതിയും രജിസ്റ്റര്‍ ചെയ്യാം. എല്ലാ ദിവസവും 24 മണിക്കൂറും 1912 ലൂടെ ഈ സേവനം ലഭ്യമാണ്.
കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റായwww.kseb.in ലൂടെ ലോഗ് ഇന്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അവിടെ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ പരിഹരിക്കുന്നതിന്റെ വിവരങ്ങള്‍ രജിസ്ട്രേഡ് മൊബൈല്‍ നമ്പരിലേക്കു സന്ദേശമായി വരും. ഇതുകൂടാതെ കമ്പികള്‍ പൊട്ടിവീണത് അറിയിക്കുന്നതിനുവേണ്ടി മാത്രമായി 9496061061 എന്ന നമ്പറും നിലവിലുണ്ട്. ട്രാന്‍സ്ഫോര്‍മറുകളിലും ലൈനുകള്‍, വൈദ്യുത തൂണുകള്‍ ഉള്‍പ്പെടെ മറ്റു വൈദ്യുതി അനുബന്ധ ഉപകരണങ്ങളിലും കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മഴക്കാലത്ത് ലൈനുകള്‍ക്ക് വളരെയടുത്തുള്ള മരക്കൊമ്പുകള്‍ മുറിച്ചുമാറ്റുന്നതിനു ലൈന്‍ ഓഫ് ചെയ്യാന്‍ അതാത് സെക്ഷന്‍ ഓഫീസിന്റെ സഹായം തേടണം. വൈദ്യുത തൂണുകളിലും സ്റ്റേവയറുകളിലും കന്നുകാലികളെ കെട്ടരുത്. വൈദ്യുത ലൈനുകള്‍ക്കു സമീപം ലോഹക്കുഴലുകളോ കമ്പികളോ, ലോഹ ഏണികളോ ഉപയോഗിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി
വൈദ്യുതി തടസങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ വിവിധ സെക്ഷന്‍ ഓഫീസ് പരിധിയിലെ എച്ച്ടി/എല്‍ടി ലൈനുകളിലേക്കു വളരുന്ന മരക്കൊമ്പുകളും തെങ്ങോലകളും മുറിച്ചുമാറ്റുന്ന നടപടികള്‍ മേയ് മാസത്തോടെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പഴയതും കേടുവരാന്‍ സാധ്യതയുള്ള ഉപകരണങ്ങളും ലൈനുകളും നവീകരിച്ചിട്ടുമുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.