വ്യവസായ സ്ഥാപനങ്ങളുടെ രാത്രികാല പ്രവര്‍ത്തനംനിയന്ത്രിക്കാന്‍ സംഘത്തെ നിയോഗിക്കും: കളക്ടര്‍

pkd-factoryപാലക്കാട്: കഞ്ചിക്കോട്  മേഖലയിലുളള വ്യവസായ സ്ഥാപനങ്ങളുടെ രാത്രികാല പ്രവര്‍ത്തനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പരിശോധന സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ജില്ലാ കളക്ടറുടെ ചേബറില്‍ നടന്ന പരിസ്ഥിതി കാവല്‍ സംഘം യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.  വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം നിയന്ത്രിക്കുക വഴി പരിസ്ഥിതി മലിനീകരണം  കുറയ്ക്കാന്‍ കഴിഞ്ഞതിന്റെ  പശ്ചാത്തലത്തിലാണ് യോഗ തീരുമാനം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നീ വകുപ്പുകളില്‍ നിന്നുളള പ്രതിനിധികളും പരിസ്ഥിതി കാവല്‍ സംഘം അംഗവും ഉള്‍പ്പെട്ടതാകും  പരിശോധന സംഘം.

പരിശോധനാ രീതി, സമയക്രമം എന്നിവ സംബന്ധിച്ചും ക്രമേണ തീരുമാനമുണ്ടാകും. കഞ്ചിക്കോട്ട് സ്വകാര്യ സ്ഥാപനത്തില്‍ നിന്നുള്ള മലിനീകരണ പ്രശ്‌നത്തെ തുടര്‍ന്ന് ഒട്ടേറെ പേര്‍ കാന്‍സര്‍ ബാധിതരായി മരണപ്പെട്ടതായി സൂചിപ്പിച്ചുക്കൊണ്ടുള്ള പരാതിയില്‍  സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തുടര്‍ന്നാണോ രോഗബാധയുണ്ടായത്  എന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ കോളെജില്‍ നിന്നുള്ള സംഘത്തേയും പ്രത്യേക ലാബ് സജ്ജീകരണവും  ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപവത്കരിക്കാനും യോഗത്തില്‍ തീരുമാനമായി.

കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതോടൊപ്പം പ്രദേശത്തെ 12 ഓളം  കുളങ്ങള്‍ പുനരുദ്ധരിക്കും . ഇതേ മേഖലയില്‍ ആരോപിക്കപ്പെടുന്ന കമ്പനിയുടെ ജലചൂഷണം സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ നിലപാട് വ്യക്തമാക്കി ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഭൂഗര്‍ഭ ജല വകുപ്പ്  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജലം പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്നും ജില്ലയെ വരള്‍ച്ചാ ബാധിതാ പ്രദേശമായി പ്രഖ്യാപിക്കണമെന്നുമുള്ള നിര്‍ദ്ദേശം ഉന്നയിച്ചുളള പരാതിയില്‍  ആവശ്യം വ്യക്തമാക്കി സര്‍ക്കാരിന് ശുപാര്‍ശ കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്, പ്രദീപ്കുമാര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ എം.ജെ .റഹ്മത്തലി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി. എസ്. ചന്ദ്രന്‍ , മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജെ.ആര്‍തര്‍ സേവ്യര്‍, പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.ബാലമുരളി , പരിസ്ഥിതി പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related posts