കൊല്ലങ്കോട്: ഫര്‍ണീച്ചര്‍ സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റുചെയ്തു. നെന്മേനി മുഹമ്മദ് ഷെറീഫ് (28), പല്ലശ്ശന പാളയ്ക്കല് പുഷ്പരാജന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. 2014 ഒക്ടോബര്‍ 11 ന് പല്ലശ്ശന- മുതലിയാകുളം റോഡില്‍ പ്രഭാതസവാരിയ്ക്കിടെയാണ് സ്ഥാപന ഉടമ പൊള്ളാച്ചി വെങ്കിടേശ്വര കോളനിയില്‍ മഹേശ്വര (46) നെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മറ്റൊരു തട്ടിപ്പുകേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ എലവഞ്ചേരി വടക്കേമുറി പ്രമോദാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍.
മഹേശ്വരനെ വിട്ടയ്ക്കാന്‍ അമ്പതുലക്ഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഒടുവില്‍ 15 ലക്ഷം ബന്ധു മുഖാന്തിരം നല്‍കിയാണ് മോചിപ്പിച്ചത്. മഹേശ്വരനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞദിവസം ചിക്കണാംപാറയില്‍ വസ്ത്രവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പന്ത്രണ്ടു പവന് കവര്‍ന്ന കേസില്‍ പ്രമോദ് അറസ്റ്റിലായതോടെയാണ് മഹേശ്വരന് പരാതിയുമായി സ്റ്റേഷനിലെത്തിയത്.