കോട്ടയം: ശബരിമല തീര്‍ഥാടന കാലത്തിന് മുന്നോടിയായി നടത്തേണ്ടമുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. മുന്നൊരുക്കങ്ങള്‍ നവംബര്‍ ആദ്യവാര ത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. തീര്‍ഥാടകരുടെ ജില്ലയിലെ പ്രധാന കേന്ദ്രമായ എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന് വിവിധ വകുപ്പുകളുടെ ശരിയായ ഏകോപനം ഉണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും പോലീസ് വകുപ്പ് എടുക്കും. തീര്‍ഥാടന കാലം ആരംഭിക്കുമ്പോള്‍ തന്നെ എരുമേലിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. മൊബൈല്‍ പട്രോളിംഗ് ശക്തിപ്പെടുത്തും.
ദ്രുതകര്‍മ സേനയുടെ സേവനം ഉറപ്പാക്കുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളില്‍ സിസി ടിവി സ്ഥാപിക്കും. തീര്‍ഥാടന കേന്ദ്രങ്ങളുടെ ശുചീകരണത്തിന് മാലിന്യ നിര്‍മാര്‍ജനത്തിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി നടപടി സ്വീകരിക്കണം. പ്ലാസ്റ്റിക് നിരോധിത മേഖലകളില്‍ നിരോധനം കര്‍ശനമായി നടപ്പാക്കണം. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും ശരിയായ വൈദ്യുതി വിതരണം ഉറപ്പ് വരുത്തുന്നതിന് വൈദ്യുത ബോര്‍ഡിനും കളക്്ടര്‍ നിര്‍ദേശം നല്‍കി.
തെരുവ് വിളക്കുകളുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വൈദ്യുതി ബോര്‍ഡുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. റോഡുകളില്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം വിവിധ ഭാഷകളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകണം. തീര്‍ഥാടകര്‍ ഇറങ്ങുന്ന കുളിക്കടവുകളില്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. പ്രധാന കേന്ദ്രങ്ങളില്‍ ഹൃദ് രോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുളള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും മറ്റ് ചികിത്സാ സംവിധാനങ്ങളും ഉറപ്പ് വരുത്താന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം.
ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പു വരുത്തണം. ഇതിനായി ജില്ലാ സപ്ലൈ ഓഫീസര്‍ നടപടി സ്വീകരിക്കണം. പരമ്പരാഗത നടപ്പാതയില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വനം വകുപ്പ് അധികൃതര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എഡിഎം പി. അജന്തകുമാരി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.