പൊന്‍കുന്നം: വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റോജി ആന്റണിയുടെ ശരീരത്തിലൂടെ 101 തവണ ജീപ്പ് കയറ്റിയിറക്കുന്നു. ലോകറിക്കാര്‍ഡ് ലക്ഷ്യമിട്ടു നടക്കുന്ന അഭ്യാസപ്രകടനം ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ചിറക്കടവ് പഞ്ചായത്ത് മഹാത്മാഗാന്ധി ടൗണ്‍ഹാള്‍ മിനി സ്റ്റേഡിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കരാട്ടേ, ബോക്‌സിംഗ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പൊന്‍കുന്നം സ്വദേശിയായ റോജി സംഘടിപ്പിക്കുന്ന ഈ പരിപാടി ലോക റിക്കാര്‍ഡിലേക്കു പരിഗണിക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ പ്രതിനിധി സുനില്‍ ജോസഫ് ചടങ്ങ് വീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായെത്തും.
അമ്പതുകാരനായ റോജി കഴിഞ്ഞ 33 വര്‍ഷമായി ആയോധന കലാരംഗത്തു നിറസാന്നിധ്യമാണ്. ഒക്‌നോവ ഷ്വോറിന്‍ റിയു റിയോകാന്‍ കരാട്ടേ അസോസിയോഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ കൂടിയാണ് റോജി ആന്റണി. ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം, റിക്കാര്‍ഡ് സെക്ടര്‍ യുഎസ്എ എന്നിവയില്‍ പൊന്‍കുന്നത്തെ പ്രകടനത്തോടെ റിക്കാര്‍ഡിടുവാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
ഗിന്നസ് ബുക്കില്‍ നിലവില്‍ 3,000 കിലോ ഭാരമുള്ള വാഹനം എട്ടു പ്രാവശ്യവും 4,000 കിലോ ഭാരമുള്ള വാഹനം ഒരു തവണയും തുടര്‍ച്ചയായി ദേഹത്തുകൂടി കയറ്റിയിറക്കിയ യൂറോപ്യന്‍ പൗരന്റെ പേരിലാണ് റിക്കാര്‍ഡ്. പരിശീലനത്തിലൂടെയും ജീവിത ശൈലിയിലൂടെയും നേടിയ കരുത്തിലൂടെ തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു റോജി പ്രതീക്ഷ പ്രകടിപ്പിച്ചു.
കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെ സൈക്കിള്‍ യാത്ര നടത്തിയിട്ടുള്ള അദ്ദേഹം കര്‍ണാടക ബോക്‌സിംഗ് ചാമ്പ്യനാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാ-കായിക-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെ സാക്ഷിയാക്കി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ബാലഗോപാലന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ ശ്രീജിത്ത് പൊന്‍കുന്നം, ചെയര്‍മാന്‍ പി. മോഹന്‍റാം, റോജി ആന്റണി എന്നിവര്‍ പങ്കെടുത്തു.